ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള വഴിവിട്ട ബന്ധങ്ങളും ചിത്രങ്ങളും പുറത്തുവന്നതിനെത്തുടർന്ന് ലോകത്തെ പ്രമുഖ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡിന്റെ ചെയർമാൻ സുല്‍ത്താൻ അഹമ്മദ് ബിൻ സുലായെമിന് സ്ഥാനം നഷ്ടമായി. ദുബായിയെ ആഗോള ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
എപ്സ്റ്റീനൊപ്പം അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളും ഇരുവരും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങളുമാണ് ഇദ്ദേഹത്തിന് തിരിച്ചടിയായത്. എപ്സ്റ്റീൻ രേഖകളിൽ ഒൻപതിനായിരത്തിലധികം തവണ ബിൻ സുലായെമിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. ദുബായ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിനിയുമായുള്ള തന്റെ ലൈംഗിക ബന്ധത്തെക്കുറിച്ച് സുലായെം എപ്സ്റ്റീനോട് വിവരിക്കുന്ന ഇമെയിലുകൾ പുറത്തുവന്നത് വലിയ വിവാദമായി.
‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
ഒരു ദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകൾ ഇവർ കൈമാറിയിട്ടുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ സുലായെം രാജിവച്ചതായും പകരം എസ്സ കസീമിനെ ചെയർമാനായും യുവ്‍രാജ് നാരായണെ സി.ഇ.ഒ ആയും നിയമിച്ചതായും ഡിപി വേള്‍ഡ് അറിയിച്ചു. കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും ഇദ്ദേഹത്തിന്റെ വിവരങ്ങൾ നീക്കം ചെയ്തു. കൊച്ചി വല്ലാർപാടം ഉൾപ്പെടെ ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്ന ഡിപി വേൾഡിനെ 40 വർഷത്തോളം നയിച്ചത് ഇദ്ദേഹമായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയിലെ പെൻഷൻ ഫണ്ടും യുകെ ഡവലപ്‌മെന്റ് ഏജൻസിയും ഡിപി വേൾഡിൽ നടത്താനിരുന്ന വൻ നിക്ഷേപങ്ങൾ മരവിപ്പിച്ചു.
ബ്രിട്ടനിലെ വില്യം രാജകുമാരൻ നയിക്കുന്ന പരിസ്ഥിതി പുരസ്കാരത്തിന് ഡിപി വേൾഡ് നൽകിയിരുന്ന ഫണ്ടിംഗും ഇപ്പോൾ നിരീക്ഷണത്തിലാണ്. വില്യം രാജകുമാരനൊപ്പം സുലായെം നിൽക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ദുബായ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള സുലായെമിനെ എപ്സ്റ്റീൻ പല പ്രമുഖർക്കും പരിചയപ്പെടുത്തിയിരുന്നതായും തെളിവുകളുണ്ട്. മൂന്ന് ദശലക്ഷം പേജ് രേഖകളും ലക്ഷക്കണക്കിന് ചിത്രങ്ങളും വീഡിയോകളുമാണ് എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ പല ദൃശ്യങ്ങളും ഇപ്പോൾ ആഗോളതലത്തിൽ വാർത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.




