Good News

55 ഏക്കറില്‍ വിരിയിച്ചെടുത്ത ഭൂമിയിലെ മഴവില്ല് ; കാലിഫോര്‍ണിയയിലെ അതിശയിപ്പിക്കുന്ന പൂപ്പാടം

തെക്കന്‍ കാലിഫോര്‍ണിയയിലെ ഐ ഫൈവിനരികില്‍, 55 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു പുഷ്പമെത്ത ഈ സീസണിനായി ഔദ്യോഗികമായി തുറന്നിരിക്കുന്നു. കാള്‍സ്ബാഡ് റാഞ്ചിനെ വര്‍ണ്ണാഭമാക്കി വിരിഞ്ഞു നില്‍ക്കുന്ന ‘പൂപ്പാട’ത്തിന്റെ അസാധാരണ കാഴ്ച പതിറ്റാണ്ടുകളായി പൂക്കളുടെ അവിശ്വസനീയമായ ദൃശ്യചാരുത നല്‍കുന്നു.

മഴവില്ലിന് ചാരുത നല്‍കുന്ന എല്ലാ വര്‍ണത്തിലുമുള്ള പുഷ്പങ്ങളുടെ ഓരോ നിരയാണ് ഇവിടെ കൃഷി ചെയ്ത് വിടര്‍ത്തിയെടുത്തിരിക്കുന്നത്. പൂന്തോട്ടനിര്‍മ്മാതാവായ എഡ്വിന്‍ ഫ്രേസിയും മറ്റ് പ്രാദേശിക കര്‍ഷകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത പുഷ്‌പോദ്യാനം 100 വര്‍ഷമായി കാലിഫോര്‍ണിയയിലെ തീരപ്രദേശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് കണ്ണിനിമ്പം പകര്‍ന്നു സ്ഥിതി ചെയ്യുന്നു. വിശാലമായ പുഷ്പമെത്തയിലേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കുന്നത് പേര്‍ഷ്യന്‍ ബട്ടര്‍കപ്പ് എന്നുകൂടി അറിയപ്പെടുന്ന തുര്‍ക്കിയില്‍ നിന്നുള്ള റാന്‍കുലസ് കൃഷിയാണ്.

എല്ലാ വര്‍ഷവും മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് ആഴ്ച വരെ ഈ മാസ്റ്റര്‍പീസിന്റെ എല്ലാ മഹത്വത്തിലും സന്ദര്‍ശകര്‍ക്ക് പൂര്‍ണ്ണമായും കാണാനാകും.
മധുരപയര്‍ചെടികള്‍ക്കിടയിലൂടെയുള്ള സഞ്ചാരം, ട്രാക്റ്റര്‍ സവാരി, സൂര്യകാന്തി പാടം, അമേരിക്കന്‍ പതാകയുടെ രൂപത്തില്‍ ഒരുക്കിയ പെട്ടൂനിയാസ് പൂക്കള്‍, ഗ്രീന്‍ ഹൗസ് ഓര്‍ക്കിഡ്, പോയിന്‍സെറ്റിയ ഡിസ്‌പ്ലേകള്‍, ശില്‍പ ഉദ്യാനം, കുട്ടികള്‍ക്കായി ഒരു ചിത്രശലഭ പ്രദേശം എന്നിങ്ങനെയുള്ള മറ്റ് വിനോദ പരിപാടികളും ഇതിലുണ്ട്. 1920 കളുടെ തുടക്കത്തില്‍ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ ആദ്യകാല കുടിയേറ്റക്കാരനും തോട്ടകൃഷി വിദഗ്ദ്ധനുമായ ലൂഥര്‍ ഗേജില്‍ നിന്നാണ് ഇവിടെ പൂന്തോട്ടകൃഷി ആരംഭിച്ചത്.

വര്‍ഷങ്ങളും തലമുറകളും നീണ്ട കൃഷിയുടെ ഫലമാണ് ഇന്നത്തെ വയലുകള്‍. 1920 കളുടെ തുടക്കത്തില്‍ റാന്‍കുലസ് വിത്തുകള്‍ പ്രദേശത്ത് കൊണ്ടുവന്നത് ലുഥര്‍ഗേജ് എന്നയാളായിരുന്നു. 1933 ല്‍ ഫ്രാങ്ക് ഫ്രേസിയും തന്റെ ചെറിയ പച്ചക്കറി കൃഷിയിടത്തിന് സമീപത്ത് തന്റെ വയലുകളില്‍ റാന്‍കുലസ് നട്ടു. ഫ്രേസി മകന്‍ എഡ്വിനെ അതുവരെ ജനപ്രിയമല്ലാത്ത പുഷ്പകൃഷിയുടെ കലയിലേക്ക് പരിചയപ്പെടുത്തി. 16 വയസ്സുള്ളപ്പോള്‍, എഡ്വിന്‍ ഫ്രേസി ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പിതാവിന്റെ പുഷ്പ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ നിങ്ങള്‍ കാണുന്ന പൂക്കളുടെ മനോഹരമായ നിറങ്ങളും പൂര്‍ണ്ണതയും എഡ്വിന്‍ ഫ്രേസി വര്‍ഷങ്ങളായി നടത്തിയ ശ്രദ്ധാപൂര്‍വ്വമായ തിരഞ്ഞെടുപ്പാണ്. 1965 ല്‍ അദ്ദേഹം വിവിധനിറത്തിലുള്ള പൂക്കളുടെ റാന്‍കുലസ് ചെടികള്‍ കൃഷി ചെയ്തു. പ്രകൃതി ഒരു അസാധാരണമായ നിറമോ പൂവോ നല്‍കിയാല്‍, മിസ്റ്റര്‍ ഫ്രേസി വിത്ത് സംരക്ഷിച്ച് അടുത്ത വര്‍ഷം നടും. പതിമൂന്ന് മനോഹരമായ നിറങ്ങളിലുള്ള പൂര്‍ണ്ണ പൂക്കളാണ് ഫ്രേസിക്ക് ലഭിച്ചത്. ഇവിടുത്തെ കര്‍ഷകരും പുഷ്പകൃഷിയിലേക്ക് തിരിഞ്ഞതോടെ പൂപ്പാടം സജ്ജമായി.