Lifestyle

ബിയർ കഴിക്കാറുണ്ടോ? മിതമായ അളവില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷകരമായ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. യുഎസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍ എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല, ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്.

പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കാനാണ് ബിയര്‍ സഹായകമാവുക. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുകയും പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. മാനസികോല്ലാസത്തില്‍ വരെ ഈ ബാക്ടീരിയകള്‍ക്ക് പങ്കുണ്ട്. ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ബിയര്‍ നല്ലതാണ്. യുഎസിലെ തന്നെ ‘നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍’ അവകാശപ്പെടുന്നത് ഹൃദയാരോഗ്യത്തിനും ഷുഗര്‍ നിയന്ത്രിക്കാനുമെല്ലാം ബിയര്‍ സഹായകമാണെന്നാണ്.

വൃക്കസംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും ബിയര്‍ സഹായകമാണെന്ന് മറ്റൊരു പഠന റിപ്പോര്‍ട്ട് പറയുന്നു. ‘ക്ലിനിക്കല്‍ ജേണല്‍ ഓഫ് ദ അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി’യില്‍ വന്ന പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ എല്ലുകളെ ബലപ്പെടുത്തുന്നതിനും ബിയര്‍ നല്ലതാണെന്നാണ് പഠനം പറയുന്നത്. ‘ലൈവ് സയന്‍സ്’ എന്ന സയന്‍സ് വെബ്‌സൈറ്റാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സ്ത്രീകള്‍ ആഴ്ചയില്‍ ഒമ്പത് ഡ്രിങ്കും പുരുഷന്മാര്‍ ആഴ്ചയില്‍ 14 ഡ്രിങ്കും കഴിക്കുന്നതിലൂടെ പ്രമേഹ സാധ്യത ക്രമത്തില്‍ 58 ശതമാനവും 43 ശതമാനവും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്.