ഇടിമിന്നല്‍ സമയങ്ങളില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിയ്ക്കണം. ഇടിമിന്നലേറ്റുള്ള പല അപകടങ്ങളെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ഒരു യുവതിയ്ക്ക് സംഭവിച്ച അപകടമാണ് ഞെട്ടിപ്പിയ്ക്കുന്നത്.
ഇടിമിന്നലേറ്റ സ്ത്രീയുടെ കണ്ണിന്റെ നിറം മാറിയതായി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടിമിന്നലേറ്റതിന് പിന്നാലെ ഇവരുടെ ശരീരം തളര്‍ന്നു പോയതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
കാര്‍ലി ഇലക്ട്രിക് എന്ന 30കാരിക്കാണ് ഇടിമിന്നലേറ്റത്. 2023 ഡിസംബറിലാണ് വളരെ ശക്തിയുള്ള മിന്നല്‍ കാര്‍ലിയുടെ ശരീരത്തില്‍ പതിക്കുന്നത്. എന്നാല്‍, അത് താന്‍ കരുതിയിരുന്നതിനേക്കാള്‍ വലിയ ആഘാതമാണ് ശരീരത്തില്‍ ഉണ്ടാക്കിയതെന്നും അവര്‍ പറഞ്ഞു. തന്റെ ജീവന്‍ പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള ഇടിമിന്നലാണ് തനിക്കേറ്റതെന്ന് അവര്‍ വെളിപ്പെടുത്തി.
കൊടുങ്കാറ്റും ഇടിമിന്നലും തനിക്ക് എപ്പോഴും ഇഷ്ടമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പ്രകൃതിയിലെ ഇത്തരം പ്രതിഭാസങ്ങളോട് തനിക്ക് വളരെയധികം ആരാധനയുണ്ടായിരുന്നുവെന്നും അവയോടുള്ള ആദരസൂചകമായി ശരീരത്തിന്റെ മിന്നലിന്റെ ടാറ്റൂ പതിച്ചിരുന്നതായും അവര്‍ പറഞ്ഞു.