ഇന്നത്തെ യുവതലമുറ ആരോഗ്യവും ഫിറ്റ്നസും കാര്യമായി ശ്രദ്ധിക്കുന്നവരാണ്, പ്രത്യേകിച്ച് 30 കടന്ന പുരുഷന്‍മാര്‍. എന്നാല്‍ സൂപ്പര്‍ ഫിറ്റായിട്ടും 30നും 39നും ഇടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നതായിയാണ് പഠനം സൂചിപ്പിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടെയിലെ ഉയര്‍ന്ന നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എന്‍എച്ച് എസിന്റെ പഠനം വ്യക്തമാക്കുന്നു. സമപ്രായക്കാരായ സ്ത്രീകളില്‍ വെറും 1 ശതമാനമാണെന്നിരിക്കെ പുരുഷന്‍മാരില്‍ 25 ശതമാനമാണ് സ്ട്രോക്ക് സാധ്യത.
ബ്രിട്ടനില്‍ മാത്രം ഒരോ 5 മിനിറ്റിലും ഒരാള്‍ക്കെന്ന കണക്കിലാണ് സ്ട്രോക്ക് ഉണ്ടാകുന്നതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 38,000 പേര്‍ക്കാണ് സ്ട്രോക്ക് കാരണം ബ്രിട്ടനില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അതായത് മരണകാരണമായ അസുഖങ്ങളില്‍ നാലാം സ്ഥാനത്താണ് സ്ട്രോക്ക്.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യുമ്പോഴാണ് പക്ഷാഘാതം ഉണ്ടാകുന്നത്. പലപ്പോഴും ഇത് മരണത്തിലേക്ക് വരെ വഴിവെക്കാം. ചിരിക്കുമ്പോള്‍ മുഖം ഒരു വശത്തേക്ക് കോടിപ്പോകുക, ശരീരത്തിന്റെ ഒരു ഭാഗത്തിന് തളര്‍ച്ചയുണ്ടാകുക, കൈകാലുകള്‍ ഉയര്‍ത്തിപ്പിടിക്കാനും മുറുകെ പിടിക്കാനും കഴിയാതെ വരുക, സംസാരിക്കാനായി കഴിയാത്ത അവസ്ഥ, നടക്കുമ്പോള്‍ വേച്ചുപോവുക, കൈകാലുകള്‍ക്ക് ബലം നഷ്ടമാകുക, ഏകോപനവും നഷ്ടമാവുക, രണ്ടായി കാണുക, കാഴ്ചയില്‍ മങ്ങല്‍ എന്നിവയെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ ആശുപത്രിയില്‍ പോവുക. കാരണം ബ്ലോക്ക് അലിയിച്ചതിന് ശേഷം ടിപിഎ എന്ന മരുന്ന് സ്ട്രോക്ക് തുടങ്ങി നാലര മണിക്കുറിനുള്ളില്‍ രോഗിക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ മിക്കവാറും ബലക്ഷയം മാറ്റിയെടുക്കാനായി സാധിക്കും.
ജീവിതശൈലി സ്ട്രോക്ക് ഉണ്ടാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക.പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുക. ഇതെല്ലാം സ്ട്രോക്കിനെ ചെറുക്കാനുള്ള വഴികളാണ്.