നാട്ടിലിറങ്ങിയ കാട്ടാനയെ അതിക്രൂരമായി മർദ്ദിച്ച് പ്രദേശവാസികൾ. പശ്ചിമ ബംഗാളിലെ ജൽപ്പാഗുരിയിലാണ് സംഭവം. ശനിയാഴ്ച അപൽചന്ദ് വനമേഖലയിൽ നിന്ന് പ്രദേശത്തേക്ക് കടന്ന ആനയാണ് നാട്ടുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയായത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും സാന്നിധ്യത്തിലായിരുന്നു നാട്ടുകാർ അക്രമം അഴിച്ചുവിട്ടത്. ആനയെ വാലിൽ പിടിച്ച് വലിക്കുകയും കല്ലെറിയുകയും ചെയ്ത നാട്ടുകാർ ജെസിബി ഉപയോഗിച്ച് ആനയെ പിന്തുടരുകയും പ്രകോപിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു ജെസിബി ഡ്രൈവറെ തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് അധികാരികൾ. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്താനാണ് തീരുമാനം.
സംഭവത്തെതുടർന്ന് വന്യമൃഗങ്ങൾക്ക് ഭീഷണിയായ മുള്ളുവേലികൾ തേയിലത്തോട്ടങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വന്യമൃഗ സംരക്ഷണത്തിനുവേണ്ടിയുള്ള ബിഎൻഎസ്എസിന്റെ 163-ാം വകുപ്പ് നിലവിലുണ്ടെങ്കിലും വന്യമൃഗങ്ങൾക്കെതിരെ ഇത്തരം പീഡനങ്ങൾ തുടരുന്നതിൽ വനംവകുപ്പ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
വന്യജീവി വിദഗ്ധർ പൊതുജന ബോധവൽക്കരണത്തിന്റെ ആവശ്യകത വീണ്ടും ഊന്നിപ്പറയുകയാണ്. “ആൾക്കൂട്ടം ഇല്ലായിരുന്നുവെങ്കിൽ, ആനയെ വളരെ നേരത്തെ തന്നെ സുരക്ഷിതമായി കാട്ടിലേക്ക് തിരികെ കൊണ്ടുപോകാമായിരുന്നു. ഭാവിയിൽ ഇതുപോലെയുള്ള സംഭവങ്ങൾ തടയാൻ മാധ്യമ സ്ഥാപനങ്ങളുമായി ബോധവൽക്കരണ കാമ്പയിൻ നടത്താൻ വനംവകുപ്പ് പദ്ധതിയിടുന്നുണ്ട്” ഗോരുമാര വന്യജീവി ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ദ്വിജ പ്രതിം സെൻ പറഞ്ഞു:
ശനിയാഴ്ച പുലർച്ചെ അപാൽചന്ദ് വനമേഖലയിൽ നിന്ന് മേച്ചപ്പാറയിലേക്ക് ആന വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുമളായി ഗ്രാമപഞ്ചായത്തിലെ പുർബ ഡാംഡിം സെൻപാറയ്ക്ക് സമീപം വെറ്റില തോട്ടത്തിൽ സൂക്ഷിച്ചിരുന്ന നാടൻ നിർമ്മിത മദ്യം ആന കഴിച്ചതായും റിപ്പോർട്ടുണ്ട്. ആനയെ കണ്ടതും ഉടൻ തന്നെ നാട്ടുകാർ അതിനെ ഉപദ്രവിക്കാൻ തുടങ്ങുകയായിരുന്നു. പലരും അതിന്റെ വാലിൽ പിടിച്ച് വലിക്കുകയും വടികൊണ്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തു. രക്ഷപ്പെടുന്നതിനിടെ തേയിലത്തോട്ടത്തിൽ കയറിയ ആനക്ക് മുള്ളുവേലിയിൽ നിന്ന് പരിക്കേൽക്കുകയും ചെയ്തു.
ആനയുടെ ഭാവം മാറിയതോടെ ആളുകൾ കാവൽ മാടങ്ങളിൽ കയറുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ആന കാവൽ മാടം ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നാട്ടുകാർ ആനയെ വീണ്ടും പ്രകോപിപ്പിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും ആനയ്ക്ക് പരിക്കേറ്റു.
മാൽ, ഖുനിയ, ബിന്നഗുരി എന്നിവിടങ്ങളിൽ നിന്നുള്ള ഫോറസ്റ്റ് സ്ക്വാഡുകളും പോലീസും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാടുപെട്ടു. ഒടുവിൽ, വൈകുന്നേരത്തോടെ ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് ആനയെ അപൽചന്ദ് വനത്തിലേക്ക് തിരിച്ചയക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രാദേശികളെ ബോധവൽക്കരിക്കാനും പ്രദേശത്തെ വന്യജീവി ശല്യം തടയാനുമുള്ള ശ്രമങ്ങളിൽ ഭരണകൂടം വനം വകുപ്പിനെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഷാമ പർവീൺ ഉറപ്പുനൽകി.