Good News

‘ബൗളിങ്ങിന് കാലും, ബാറ്റിങ്ങിന് തോളും’; എട്ടാം വയസ്സില്‍ കൈകള്‍ നഷ്ടമായി ; പ്രതിസന്ധികൾക്ക് ആമിറിനെ തോൽപ്പിക്കാനാവില്ല

കൈകള്‍ രണ്ടും നഷ്ടമായിട്ടും ജീവിതത്തോട് പൊരുതി ക്രിക്കറ്റ് കളിക്കാരനായി മാറിയ അമീറിന്റെ ജീവിതം പ്രതിസന്ധികളില്‍ തളരാതെ മുന്നേറാന്‍ അനേകര്‍ക്ക് പ്രചോദനമാകും. കൈകളുടെ ശക്തി കാലുകള്‍ക്ക് നല്‍കിയ അയാള്‍ കാലു കൊണ്ടു ഒന്നാന്തരമായി പന്തെറിയും തോളിലും കഴുത്തിലുമായി ബാറ്റുകള്‍ ഉടക്കിവെച്ച് മികച്ച രീതിയില്‍ മിക്ക ഷോട്ടുകളും പുറത്തെടുത്ത് നന്നായി ബാറ്റും ചെയ്യും

എട്ടാം വയസ്സില്‍ പിതാവിന്റെ തടിമില്ലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആമിറിന് ഇരുകൈകളും നഷ്ടപ്പെടുന്നത്. കൈകള്‍ ഇല്ലാതായതോടെ അയാള്‍ കൈകളുടെ ജോലി കാലുകള്‍ക്ക് കൊടുത്തു. ആരോടും സഹായം ചോദിക്കാതെ സ്വന്തം കാര്യം ചെയ്യാന്‍ അവന്‍ കാലുകള്‍ക്ക് വഴക്കം നല്‍കി. കാലുകൊണ്ട് എഴുതുകയും കപ്പില്‍ കാപ്പി കുടിക്കുകയും ഭക്ഷണം കഴിക്കുകയും നീന്തുകയുമെല്ലാം ചെയ്യാന്‍ പരിശീലിച്ചു.

ഈ കൂട്ടത്തിലാണ് ക്രിക്കറ്റ് കളിക്കാനും കാലുകളെ പരിശീലിപ്പിച്ചത്. 34 വയസ്സുള്ള ആമിര്‍ ഇപ്പോള്‍ അംഗപരിമിതര്‍ക്കുള്ള കശ്മീര്‍ സംസ്ഥാന ക്രിക്കറ്റ് ടീം നായകനും അവരുടെ പരിശീലകനുമാണ്. കൈകള്‍ ഇല്ലാത്തതിന്റെ സഹതാപത്തെയും പരിഹാസത്തെയും മനക്കരുത്തു കൊണ്ട് ജയിച്ച അയാള്‍ കോളേജ് വിദ്യാഭ്യാസം വരെ ചെയ്തു. കോളേജില്‍ പഠിക്കുന്ന കാലത്താണ് ക്രിക്കറ്റ് കളിയിലേക്ക് നീങ്ങിയത്.

കഠിനപ്രയത്നം കൊണ്ട് വൈകാതെ തന്നെ സംസ്ഥാന ടീമിലെത്തി. 2013 മുതല്‍ പാര ക്രിക്കറ്റ് കളിക്കുന്ന ആമിറിന്റെ അരങ്ങേറ്റം ഡല്‍ഹിയിലായിരുന്നു. 2018-ല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ പാര ക്രിക്കറ്റ് ടീമിനായും കളിച്ചു. അതിനു ശേഷം നേപ്പാളിലും ഷാര്‍ജയിലും ദുബായിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തു. തന്റെയും ടീമിന്റെയും ഇഷ്ട കളിക്കാര്‍ സച്ചിനും വിരാട് കോലിയുമാണെന്ന് ആമിര്‍ പറയുന്നു. ഇപ്പോള്‍ തന്റെ ജീവിതം സിനിമ കൂടി ആകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.