കൊച്ചി: പച്ചാളം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം. ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയതോടെയാണു സംശയം ബലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് ട്രാക്കിനു നടുവില്‍ ആട്ടുകല്ല് കണ്ടത്.
റെയില്‍വേ പോലീസ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്. സി.സി. ടിവി ദൃശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ നാലരയോടെ മൈസുരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് ശ്രദ്ധയില്‍പ്പെട്ടത്. ലോക്കോ പൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്. അധികം വലിപ്പമില്ലാത്ത ആട്ടുകല്ലിനു മുകളിലൂടെ ട്രെയിന്‍ കടന്നുപോയി. ട്രാക്കിലോ വശത്തോ ആയിരുന്നു കല്ലെങ്കില്‍ വലിയ അപകടത്തിനു സാധ്യതയുണ്ടായിരുന്നു.
ട്രാക്കിനു നടുവില്‍ ഭാരമേറിയ വസ്തുകൊണ്ടുവച്ചത് ആരാണ് എന്നതു ദുരൂഹമാണ്. സമീപത്ത് ഒരു നായയെ ട്രെയിന്‍ ഇടിച്ച് ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.ട്രാക്കിനു സമീപം മുമ്പു കിടന്നിരുന്ന ആട്ടുകല്ലാണ് ഇതെന്നും ആരോ ട്രാക്കില്‍ വച്ചതാകാമെന്നുമാണ് സമീപവാസികളുടെ നിഗമനം.




