Oddly News

ഒരു നൂറ്റാണ്ടു മുമ്പ് കടലില്‍ കാണാതായ ആവിക്കപ്പല്‍ കണ്ടെത്തി ; ഓസ്‌ട്രേലിയന്‍ തീരത്ത് കടലിനടിയില്‍ 525 അടി താഴ്ചയില്‍

ഒരു നൂറ്റാണ്ട് മുമ്പ് ഓസ്‌ട്രേലിയന്‍ തീരത്ത് കാണാതായ ആവിക്കപ്പലിന്റെ തിരോധാനം സംബന്ധിച്ച രഹസ്യത്തിന്റെ ചുരുള്‍ ഒടുവില്‍ അഴിയുന്നു. 1904-ലെ ശക്തമായ കൊടുങ്കാറ്റില്‍ അപ്രത്യക്ഷമായ കപ്പല്‍ കടലിന്റെ അടിത്തട്ടില്‍ നിന്നും ആകസ്മീകമായി കണ്ടെത്തി. കാണാതായി 120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

കടലിന്റെ അടിത്തട്ടില്‍ നഷ്ടപ്പെട്ട ചരക്കുകള്‍ക്കായി തിരച്ചില്‍ നടത്തുന്ന റിമോട്ട് സെന്‍സിംഗ് കമ്പനിയായ സബ്‌സി പ്രൊഫഷണല്‍ മറൈന്‍ സര്‍വീസസിന്റെ ജോലികള്‍ക്കിടയിലാണ് കപ്പല്‍ കണ്ടെത്തിയത്്. മെല്‍ബണിലേക്ക് കല്‍ക്കരി കടത്താനുള്ള യാത്രയിലാണ് എസ്എസ് നെമെസിസ് എന്ന ആവിക്കപ്പല്‍ ന്യൂ സൗത്ത് വെയില്‍സിന് സമീപത്ത് വെച്ച് കൊടുങ്കാറ്റില്‍ പെട്ടത്. കടലില്‍പെട്ട ജീവനക്കാരുടെ മൃതദേഹങ്ങളും കപ്പല്‍ ശകലങ്ങളും കരയിലേക്ക് ഒഴുകിയെത്തി. എന്നാല്‍ 240 അടി കപ്പലിന്റെ കൃത്യമായ സ്ഥാനം അവ്യക്തമായി തുടര്‍ന്നു.

വെള്ളത്തിനടിയില്‍ 525 അടി താഴ്ചയില്‍ കിടക്കുന്ന നിലയിലായിരുന്നു കപ്പല്‍. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജന്‍സികപ്പലിന്റെ വ്യതിരിക്തമായ സവിശേഷതകള്‍ എടുത്തുകാണിക്കുന്ന വെള്ളത്തിനടിയിലുള്ള ചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടിരുന്നു. ഡ്രോപ്പ് ക്യാമറ ഉപയോഗിച്ച് അവശിഷ്ടങ്ങളുടെ ദൃശ്യ പരിശോധനയില്‍, കടല്‍ത്തീരത്ത് വിശ്രമിക്കുന്ന രണ്ട് ആങ്കറുകള്‍ ഉള്‍പ്പെടെ, എസ്എസ് നെമെസിസിന്റെ പ്രധാന ഘടനകള്‍ കേടുകൂടാതെയിരിക്കുന്നതായി കണ്ടെത്തി.

എഞ്ചിന്‍ തകരാര്‍ മൂലം കപ്പല്‍ കൊടുങ്കാറ്റിനു കീഴടങ്ങി, വലിയ തിരമാലയില്‍ പെട്ട് പെട്ടെന്ന് മുങ്ങുകയായിരുന്നുവെന്നാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. മുങ്ങിത്താഴുന്നതിന്റെ വേഗത്തിലുള്ള സ്വഭാവം, ലൈഫ് ബോട്ടുകള്‍ വിന്യസിക്കുന്നതിന് ക്രൂവിന് മതിയായ സമയം കിട്ടിയിരുന്നില്ലായിരിക്കാമെന്നാണ് ശാസ്ത്ര വിശകലനം. അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞതോടെ, ദാരുണമായ സംഭവത്തില്‍ മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കപ്പലുമായി ബന്ധമുള്ള കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ കണ്ടെത്തല്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. 40 ഓളം കുട്ടികള്‍ക്കാണ് തകര്‍ച്ചയില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടത്.