ബോളിവുഡില്‍ നിങ്ങളുടെ ആദ്യ ചിത്രം ഹിറ്റാണോ എന്ന് നോക്കിയാണ് അവസരം കിട്ടുന്നതെന്നും ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവസരം കിട്ടാമെന്നും നടി ജ്യോതിക. 1998ല്‍ ഡോളി സാജാ കെ രഖ്‌ന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിക ഈ വര്‍ഷം ഷൈത്താന്‍, ശ്രീകാന്ത് എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് കരീന (കപൂര്‍ ഖാന്‍), റാണി (മുഖര്‍ജി), പ്രീതി (സിന്റ) എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികള്‍ മേഖലയില്‍ വന്നിരുന്നു. അവരെയെല്ലാം വലിയ ബാനറുകളിലൂടെയാണ് അവതരിപ്പിക്കപ്പെട്ടത്. താനും അങ്ങനെയാണ്, പക്ഷേ അവരെല്ലാം ആദ്യ സിനിമകള്‍ വിജയിച്ച ഭാഗ്യശാലികളായിരുന്നതിനാല്‍ അവര്‍ക്ക് മുമ്പോട്ട് പോകാനായെന്ന് നടി കരുതുന്നു.
25 വര്‍ഷത്തോളം ദക്ഷിണേന്ത്യയില്‍ തിരക്കുള്ള നായികയായിരുന്ന ജ്യോതിക ഇനി തെക്കുവടക്ക് വേര്‍തിരിവ് ഇല്ലെന്നും പ്രേക്ഷകര്‍ ഇപ്പോള്‍ എല്ലാം ഒന്നായി കാണുന്നവരാണെന്നും പറയുന്നു. അതേസമയം തന്നെ ദക്ഷിണേന്ത്യയില്‍ ഞാന്‍ ശീലിച്ച തരം വേഷങ്ങള്‍ ബോളിവുഡില്‍ നിന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും അവയ്ക്കായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും പറഞ്ഞു.
ശൈത്താനിന്റെയും ശ്രീകാന്തിന്റെയും ഭാഗമാകാന്‍ ഞാന്‍ തിരഞ്ഞെടുത്തത് അവ മനോഹരമായ കഥകളായതുകൊണ്ടാണെന്നും ഒരു അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ നല്ല വേഷം തിരയുകയാണെന്നും വ്യക്തമാക്കി. ”ഞാന്‍ ദക്ഷിണേന്ത്യയില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ ഹിന്ദി സിനിമകള്‍ അധികം കാണാറില്ലെന്നു കണ്ടു.
ഞാന്‍ നോര്‍ത്ത് എത്തിയപ്പോള്‍, രജനികാന്ത് മീമുകളും എല്ലാത്തരം കാര്യങ്ങളും ഉപയോഗിച്ച് സൗത്ത് ഇന്‍ഡസ്ട്രിയില്‍ ഒരുപാട് തമാശകള്‍ സൃഷ്ടിക്കുന്നത് ഞാന്‍ കണ്ടു. രണ്ട് ലോകങ്ങള്‍ക്കുമിടയില്‍ ഈ വലിയ ബാര്‍ ഉണ്ടെന്ന് കാണുന്നതില്‍ സങ്കടമുണ്ട്, ”ഇന്ന് തടസ്സം കുറയുന്നത് കാണുമ്പോള്‍ അഭിമാനം നിറയുന്നുവെന്നും നടി പറയുന്നു.




