Sports

സഞ്ജു അല്‍പ്പകൂടി ക്ഷമ കാട്ടണം; ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത് ശരിയായ തീരുമാനമെന്ന് ശ്രീശാന്ത്

സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കാത്ത സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം ശരിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. സഞ്ജു ബാറ്റിംഗില്‍ അല്‍പ്പം കൂടി ക്ഷമ കാണിക്കണമെന്നും ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു. സ്പോര്‍ട്സ്‌കീഡയോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. സഞ്ജുവിനെ ഒഴിവാക്കിയ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശരിയായ തീരുമാനമാണ് എടുത്തതെന്നും പറഞ്ഞു.

സഞ്ജു ബാറ്റിംഗില്‍ അല്‍പ്പം ക്ഷമ കാണിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍ പറയുന്നു. ”ഇത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു കളിക്കാരന് സ്വയം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഗവാസ്‌കര്‍ മുതല്‍ രവി ശാസ്ത്രി വരെ എല്ലാവരും അദ്ദേഹത്തെ വളരെയേറെ വിലയിരുത്തുന്നു. അവന്റെ കഴിവില്‍ സംശയമില്ല. പക്ഷേ സമീപനം മാറണം. പിച്ച് അനുസരിച്ച് കളിക്കാന്‍ പറയുന്നത് അയാള്‍ ചെവിക്കൊള്ളുന്നില്ല. ആ മനോഭാവം മാറണം. ഇതിഹാസ താരങ്ങള്‍ വിക്കറ്റ് മനസ്സിലാക്കി കളിക്കാന്‍ പറഞ്ഞാല്‍ നിങ്ങളുടെ സമയം എടുക്കുക. ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴും ഇത് പറയാറുണ്ട്.” ശ്രീ പറഞ്ഞു.

”അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന് അവനെ പിന്തുണയ്ക്കുന്ന മലയാളികള്‍ എപ്പോഴും പറയും. പക്ഷേ അത് ശരിയല്ല. കാരണം അയര്‍ലന്‍ഡിനെതിരെയും ശ്രീലങ്കക്കെതിരെയും സ്ഥിരം അവസരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ഐപിഎല്‍ കളിക്കുന്നു, ഇപ്പോള്‍ ക്യാപ്റ്റനാണ്, പേരില്‍ മൂന്ന് സെഞ്ച്വറികളുണ്ട്, പക്ഷേ സ്ഥിരത കാണിച്ചില്ല. എന്നാല്‍ ഋഷഭ് പന്തിനെ നോക്കൂ. അദ്ദേഹത്തിന് ടീമിനായി മികച്ച സ്‌കോര്‍ ഉണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കും ഐപിഎല്ലിലും സ്ഥിരതയോടെ സ്‌കോര്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സഞ്ജുവിന് ശ്രീ മുന്നറിയിപ്പ് നല്‍കുന്നു. ”സഞ്ജു, നിങ്ങള്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഒരിക്കലും കരുതരുത്. നിങ്ങള്‍ ഇപ്പോള്‍ ചെറുപ്പക്കാരനല്ല. 19 വയസ്സുള്ള ആളല്ല. ഉടന്‍ 35 വയസ്സ് ആകും. അതിനാല്‍ ഈ വര്‍ഷം ബാക്കിയുള്ള സമയം ഉപയോഗിക്കുക. സ്ഥിരതയോടെ ധാരാളം റണ്‍സ് സ്‌കോര്‍ ചെയ്യണം. ആളുകളില്‍ നിന്ന് സഹതാപം നേടുന്നത് വളരെ എളുപ്പമാണ്, എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് അഭിനന്ദനമാണ്, അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിരതയാര്‍ന്ന പ്രകടനത്തോടെയേ വരു. ഇത് സമയത്തിന്റെ കാര്യം മാത്രമാണ്.” ശ്രീശാന്ത് പറഞ്ഞു.