Lifestyle

അമ്മമാരാകാനില്ലെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വനിതകള്‍! കുഞ്ഞുങ്ങളില്ലാതെ കൊറിയ

ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അത് ചിലപ്പോള്‍ സാമ്പത്തികമായിരിക്കാം അല്ലെങ്കില്‍ തൊഴില്‍പരമോ, വൈകാരികമോ ആയിരിക്കാം. തൊഴില്‍പരമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും നഷ്ടമാകുന്നുവെന്ന കാരണത്താല്‍ കുട്ടികള്‍ വേണ്ടായെന്ന് തീരുമാനിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഭുരിഭാഗം വരുന്ന സ്ത്രീകളും.

ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണകൊറിയ മാറി. 2023 ല്‍ ജനന നിരക്ക് താഴ്ന്നതിന് പിന്നാലെ രാജ്യത്ത് പല സര്‍വേകളും നടന്നിരുന്നു. കരിയറിലെ പുരോഗതിയും കുട്ടികളെ വളര്‍ത്തുന്നതിനുള്ള സാമ്പത്തിക ചെലവും കണക്കിലെടുത്താണ് ഒട്ടുമിക്ക ദക്ഷിണകൊറിയന്‍ സ്ത്രീകളും പ്രസവം വൈകിപ്പിക്കുന്നതും കുഞ്ഞുങ്ങള്‍ വേണ്ടായെന്ന് വയ്ക്കുന്നതും എന്ന് സര്‍വേ വ്യക്തമാക്കുന്നു.

ഒരു ദക്ഷിണ കൊറിയന്‍ സ്ത്രീക്ക് പ്രത്യുല്‍പാദന ജീവിതത്തില്‍ ജനിക്കാവുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണം നിലവില്‍ 0.72 ആണെന്നാണ് 2023 ലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യ നിരക്ക് ക്രമമായി നിലനിര്‍ത്തണമെങ്കില്‍ ഇത് 2.1 ല്‍ എത്തണം. കഴിഞ്ഞ വര്‍ഷം 2,30000 കുട്ടികള്‍ മാത്രമാണ് രാജ്യത്ത് ജനിച്ചത്. സ്ഥിതി തുടര്‍ന്നാല്‍ 2100 എത്തുന്നതോടെ ദക്ഷിണ കൊറിയയുടെ ജനസംഖ്യ 26 ദശലക്ഷമായി കുറയും.

പ്രസവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്ന പല നയങ്ങളും രാജ്യത്ത് രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവയൊന്നും കൃത്യമായ രീതിയില്‍ പ്രാവര്‍ത്തികമാകുന്നില്ല. കുഞ്ഞിന്റെ ജനനത്തിന് ശേഷം അച്ഛനും അമ്മയ്ക്കും ഒരുപോലെ അവധിയെടുക്കാനായി രാജ്യത്ത് അനുവാദമുണ്ട്. എന്നാല്‍ പലപ്പോഴും പുരുഷന്മാര്‍ ഈ അവധി വിനിയോഗിക്കാറില്ല. അതാതയത് കുട്ടികളുടെ പൂര്‍ണമായ ഉത്തരവാദിത്വം സ്ത്രീകള്‍ക്കാവുന്നു . അതിനാല്‍ തന്നെ പല കമ്പനികളും സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ വിമുഖത പ്രകടപ്പിക്കാറുണ്ട്. കൂടാതെ ശിശു സംരക്ഷണത്തിന്റെ എല്ലാ ഉത്തരവാദിത്വവും സ്ത്രീകളുടെ മാത്രം കടമയാണെന്ന് വിശ്വസിക്കുന്ന സംസ്‌കാരവും ദക്ഷിണ കൊറിയയില്‍ നിലനില്‍ക്കുന്നുണ്ട്.

പ്രസവവും കുട്ടികളുടെ സംരക്ഷണവും ജോലിയും ഒരേസമയം കൈകാര്യം ചെയ്യുക എന്നത് വലിയ വെല്ലുവിളി ആയതിനാലാണ് ഇന്നത്തെ തലമുറയിലെ പല സ്ത്രീകളും ഉടനെ കുട്ടികള്‍ വേണ്ടായെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുന്നതെന്ന് കരുതപ്പെടുന്നു. ഒരു കുഞ്ഞിന്റെ ജനനം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന ഘട്ടം വരെയുള്ള ശരാശരി ചെലവ് 1,89,335.34 ഡോളര്‍ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. മികച്ച വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന അവസ്ഥയുമുണ്ട്.