Sports

‘അയാള്‍ക്ക് ഉയരം കുറവാണ്’; ബുംറയുടെ വാക്കുകള്‍ പിടിച്ചെടുത്ത് സ്റ്റമ്പ് മൈക്ക്, ബാവുമയെ കളിയാക്കി – വിവാദം

ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ”കുള്ളന്‍” എന്നു വിളിച്ച് ബോഡി ഷെയ്മിങ് ചെയ്ത ഇന്ത്യന്‍ താരങ്ങളായ ഋഷബ് പന്തിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനം. സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ബുംറയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംഭവത്തില്‍ ബുംറയ്ക്ക് ഐസിസി ശിക്ഷ നേരിടേണ്ടി വന്നേക്കാം.

ദക്ഷിണാഫ്രിക്കയ്ക്കു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്ത ബാവുമയെ അപമാനിച്ചത് ശരിയായില്ലെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍ ചൂണ്ടിക്കാട്ടി. ബാറ്റിങ്ങിനിടെയാണ് ബാവുമയെ വിക്കറ്റ് കീപ്പര്‍ പന്തും ബൗളര്‍ ബുംറയും ”കുള്ളന്‍” ആണെന്ന് കളിയാക്കി പറഞ്ഞത്. എല്‍.ബി. ഡബ്ല്യു റിവ്യൂ ചെയ്യുന്നതിനിടയിലാണു ബാവുമയെക്കുറിച്ച് ”കുള്ളന്‍” എന്നു പന്തും ബുംറയും പരാമര്‍ശിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ 13-ാം ഓവറിലാണു സംഭവം.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിലായിരുന്നു സംഭവം. 13-ാം ഓവറില്‍ ബവുമയ്‌ക്കെതിരെ ബുംറ എല്‍ബിഡബ്ല്യു അപ്പീല്‍ ഉയര്‍ത്തി. എന്നാല്‍ അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ നിരസിച്ചു. ഇതോടെ റിവ്യു എടുക്കണോ എന്ന കാര്യത്തില്‍ ബുംറയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബുംറയുടെ ഭാഗത്തു നിന്നും അധിക്ഷേപകരമായ പരാമര്‍ശമുണ്ടായത്.

ചര്‍ച്ചയ്ക്കായി ബുംറയും രാഹുലും ജഡേജയും പന്തും ചുറ്റും കൂടി. പന്ത് ഉയര്‍ന്നു പോകുമെന്നാണ് ഋഷഭ് പറഞ്ഞത്. എന്നാല്‍ ബവുമ ഉയരം കുറഞ്ഞ ആളായതുകൊണ്ട് പന്തിന്റെ ഉയരം കുഴപ്പമില്ലെന്നായിരുന്നു ഹിന്ദിയില്‍ ബുംറയുടെ മറുപടി. ഇത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. ഇത് കേട്ട് ചുറ്റും കൂടിനിന്ന താരങ്ങള്‍ ചിരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളിലുണ്ട്.