Celebrity

‘വലിയ താരങ്ങളുടെ ചൂഷണത്തിനുശേഷം ഹോട്ടല്‍മുറി വിട്ടിറങ്ങുന്ന സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്’

മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തിയെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അസ്വസ്ഥജനകമായ കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ സിനിമ മേഖല വളരെ പ്രതിസന്ധി ഘട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. മറ്റ് സിനിമ മേഖലകളില്‍ നിന്നും പല താരങ്ങളും തുറന്നു പറച്ചിലുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇത് മലയാള സിനിമയില്‍ മാത്രം ഉള്ള പ്രശ്‌നമാണെന്നും തമിഴ് സിനിമ മേഖലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും തമിഴ് സൂപ്പര്‍ താരം ജീവ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് മുന്‍ താരവും സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിയുമായിരുന്ന സോമി അലിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

1990-കളിലെ അഭിനയത്തിനിടയില്‍ താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും ഗാര്‍ഹിക പീഡനത്തെ അതിജീവിക്കുന്നവരെ സഹായിക്കുന്നതിനുള്ള അടിത്തറയായ ‘നോ മോര്‍ ടിയേഴ്സ്’ ആരംഭിച്ചതിനെ കുറിച്ചുമാണ് സോമി ഒരു ദേശീയ മാധ്യമത്തോട് പങ്കുവെച്ചത്. 1990-കളുടെ അവസാനത്തില്‍ ബോളിവുഡിലെ എന്റെ അനുഭവം മലയാള സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങള്‍ പോലെ അല്ലായിരുന്നെങ്കിലും, പലപ്പോഴും സ്ത്രീകളെ നിശ്ശബ്ദരാക്കുകയോ തുറന്ന് പറഞ്ഞതിന് അവരെ ശിക്ഷിക്കുകയോ ചെയ്യുന്ന രീതിയിലൊക്കെ തന്നെ ആയിരുന്നുവെന്നാണ് സോമി വ്യക്തമാക്കുന്നത്. എന്റെ കരിയറില്‍ മുന്നേറ്റമുണ്ടാകണമെങ്കില്‍ ഒരു പുരുഷന്റെ സ്യൂട്ട് റൂം സന്ദര്‍ശിയ്ക്കണമെന്ന തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയ #MeToo സംഭവങ്ങള്‍ താന്‍ നേരിട്ടുവെന്ന് അവര്‍ വ്യക്തമാക്കി. ബോളിവുഡിലെ ചില വലിയ അഭിനേതാക്കളുടെ ചൂഷണത്തിന് ശേഷം അതിരാവിലെ തന്നെ ഹോട്ടല്‍ സ്യൂട്ടുകള്‍ വിട്ടുപോകുന്ന സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ടെന്ന് സോമി പറഞ്ഞു. ഈ പുരുഷന്മാരില്‍ വിവാഹിതരായി കുടുംബമായി കഴിയുന്നവരും ഉള്‍പ്പെടുമെന്നും സോമി പറഞ്ഞു.

അക്കാലത്ത്, പീഡനത്തിനെതിരെ നിലകൊള്ളുന്ന അല്ലെങ്കില്‍ അവരുടെ സ്വാതന്ത്ര്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് ചെറിയ പിന്തുണകള്‍ ലഭിച്ചിരുന്നു. സാമൂഹിക നീതിയോടുള്ള എന്റെ വര്‍ദ്ധിച്ചുവരുന്ന അഭിനിവേശവും ഒരു മാറ്റം വരുത്താനുള്ള ആഗ്രഹവും കൂടിച്ചേര്‍ന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പോകാന്‍ ഞാന്‍ തീരുമാനിയ്ക്കുന്നതും ‘നോ മോര്‍ ടിയേഴ്സ്’ ആരംഭിയ്ക്കാനുള്ള കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതും. എന്റെ അനുഭവം പലതിലും ഒന്ന് മാത്രമാണ്. സിനിമാ മേഖലയിലെ സ്ത്രീകളുടെ അവസ്ഥ – കേരളത്തിലായാലും മറ്റൊരിടത്തായാലും – വ്യവസ്ഥാപരമായ മാറ്റത്തിന്റെ ആവശ്യകതയാണ് ഉറപ്പാക്കേണ്ടത്. ഇരകളാക്കപ്പെടുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും സംരക്ഷിക്കാനും ശാക്തീകരിക്കാനുമുള്ള ചുവടുവെയ്പ്പിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു തുടക്കമാകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.