Lifestyle

പെട്ടെന്ന് കേടാകില്ല! റഫ്രിജറേറ്ററിന്റെ ആയുസ്സ് കൂട്ടാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. അടുക്കളയിലെ പ്രധാനപ്പെട്ട ഒരു അംഗം തന്നെയാണ് റഫ്രിജറേറ്റര്‍. എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. റഫ്രിജറേറ്റര്‍ നന്നായി പരിപാലിയ്ക്കുന്നതോടൊപ്പം തന്നെ അതിന്റെ ആയുസ്സ് കൂട്ടാനും ശ്രദ്ധിയ്ക്കണം. റഫ്രിജറേറ്ററിന്റെ ആയുസ് കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…..

* പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുക – ചിലപ്പോള്‍ ഫ്രിജിന്റെ പ്രവര്‍ത്തനത്തില്‍ ഇടയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നാളെയാകട്ടെ എന്നുകരുതി ഇതു നീട്ടി വയ്ക്കുന്നത് ഫ്രിജിന്റെ കാര്യക്ഷമതയെയും  ആയുസ്സിനെയും ബാധിക്കും. അതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടനടി പരിഹരിക്കാന്‍ ശ്രമിക്കുക.

* കണ്ടന്‍സര്‍ കോയിലുകള്‍ വൃത്തിയാക്കുക – റഫ്രിജറേറ്ററിന്റെ പിന്‍ഭാഗത്തോ താഴെയോ ആയിട്ടാണ് കണ്ടന്‍സര്‍ കോയിലുകള്‍ ഉണ്ടാവുക. ഇവ റഫ്രിജറന്റിനെ തണുപ്പിക്കാന്‍ സഹായിക്കുന്നു. ഈ കോയിലുകളില്‍ പൊടിയും അഴുക്കും എളുപ്പത്തില്‍ അടിഞ്ഞുകൂടും. ഫ്രിഡ്ജിന്റെ ആയുസ്സ് കൂട്ടാന്‍ വര്‍ഷത്തില്‍ രണ്ടുതവണ ഈ കോയിലുകള്‍ വൃത്തിയാക്കണം. ഇതിനായി വാക്വം ക്ലീനര്‍ അല്ലെങ്കില്‍ ബ്രഷ് ഉപയോഗിക്കാം.

* സാധനങ്ങള്‍ വാരിവലിച്ച് നിറയ്ക്കരുത് – ഫ്രിഡ്ജ് വളരെക്കാലം നന്നായി പ്രവര്‍ത്തിക്കാന്‍, അവയില്‍ ഒരുപാട് സാധനങ്ങള്‍ കുത്തി നിറയ്ക്കുകയോ ശൂന്യമാക്കി ഇടുകയോ ചെയ്യരുത്. ഫ്രിഡ്ജ് മുക്കാല്‍ ഭാഗം നിറയ്ക്കാന്‍ ശ്രമിക്കുക, അമിതമായി നിറയ്ക്കുന്നത് ഉള്ളിലെ വായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഊര്‍ജ കാര്യക്ഷമതയും തണുപ്പും കുറയ്ക്കുകയും ചെയ്യും.

* ഫ്രിഡ്ജ് ഡോര്‍ ഗാസ്‌കറ്റ് വൃത്തിയാക്കുക – റഫ്രിജറേറ്ററിന്റെ വാതിലില്‍ കാണുന്ന റബ്ബര്‍ സീല്‍ സ്ട്രിപ്പാണ് ഡോര്‍ ഗാസ്‌കറ്റ്. ഇത് ഇന്‍സുലേഷന്‍ നല്‍കുകയും, തണുത്ത വായു അകത്തേക്കും ചൂടുള്ള വായു പുറത്തേക്കും വിടുകയും ചെയ്യുന്നു. കാലക്രമേണ, ഈ സ്ട്രിപ്പുകള്‍ക്ക് തേയ്മാനം സംഭവിക്കുകയും ഇവ പൊട്ടുകയും ചെയ്യുന്നു. ഇത് ഫ്രിജിന്റെ കാര്യക്ഷമത കുറയ്ക്കും. അതിനാല്‍ നനഞ്ഞ തുണിയും സോപ്പും ഉപയോഗിച്ച് ഗാസ്‌കറ്റ്  ഇടയ്ക്കിടെ വൃത്തിയാക്കുക.

* റഫ്രിജറേറ്റര്‍ വെന്റുകള്‍ തടയരുത്  – റഫ്രിജറേറ്ററിന്റെ മറ്റൊരു പ്രധാന ഭാഗം അവയുടെ വെന്റുകളാണ്, ഇത് ഫ്രിജിനുള്ളില്‍ തണുത്ത വായു സഞ്ചരിക്കാന്‍ സഹായിക്കുന്നു. വെന്റുകള്‍ സാധാരണയായി ഫ്രിഡ്ജിന്റെ ഉള്ളിലെ ഭിത്തിയിലും ഫ്രീസറിന്റെ മുകള്‍ഭാഗത്തും സ്ഥിതി ചെയ്യുന്നു. ഭക്ഷണമോ ബോക്‌സുകളോ കാരണം വെന്റുകളില്‍ നിന്നുള്ള വായുപ്രവാഹം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ, ഇവ കാലക്രമേണ മലിനമാകുകയും തണുപ്പ് എല്ലായിടത്തും ഒരുപോലെ എത്താത്ത അവസ്ഥ വരികയും ചെയ്യും, അതിനാല്‍ വെന്റുകള്‍ പതിവായി വൃത്തിയാക്കുക.

Leave a Reply

Your email address will not be published. Required fields are marked *