Good News

ആനയെ തടയാന്‍ സോളാര്‍വേലി, ബംഗാളിലെ പന്‍ബാരി വനഗ്രാമത്തിന് ബംഗാള്‍ സര്‍ക്കാരിന്റെ പുരസ്‌ക്കാരം

കേരളത്തിലെ വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്നവരുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നായി വന്യജീവി ആക്രമണം മാറിയിട്ടുണ്ട്. എന്നാല്‍ സമാന ഭൂമിശാസ്ത്രമുള്ള ബംഗാളിലെ അലിപൂര്‍ദുവാര്‍ ജില്ലയിലെ പന്‍ബാരി വനഗ്രാമത്തിന് ബംഗാള്‍ സര്‍ക്കാര്‍ ആനയ്ക്ക് ദോഷമുണ്ടാകാതെ അവയെ കാട്ടിലേക്ക് തിരിച്ചു തുരുത്തുന്ന വിദ്യയുടെ പേരില്‍ പുരസ്‌ക്കാരം നല്‍കിയിരിക്കുകയാണ്. മൃഗങ്ങള്‍ക്ക് വലിയ ദോഷം വരുത്താതെ ആനകളില്‍ നിന്ന് തങ്ങളുടെ പ്രദേശത്തെ സംരക്ഷിക്കാന്‍ ഇവര്‍ സ്ഥാപിച്ച സോളാര്‍ വേലി പദ്ധതിക്കാണ് പുരസ്‌ക്കാരം.

അലിപുര്‍ദുവാര്‍ 2 ബ്ലോക്കിലും ബക്സ ടൈഗര്‍ റിസര്‍വിന് സമീപവുമാണ് പന്‍ബാരി. കേരളത്തിലേത് പോലെ ആന ആഹാരംതേടി നാട്ടിലിറങ്ങുന്നത് പതിവായതോടെ ഗ്രാമവാസികള്‍ കൃഷി ഏതാണ്ട് നിര്‍ത്തിയതു പോലെയായിരുന്നു. പിന്നീട് നാട്ടുകാരും വനപാലകരും കൈകോര്‍ത്ത സംയുക്ത വനസംരക്ഷണ സമിതി സോളാര്‍വേലികെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. നാലു കിലോമീറ്റര്‍ നീളത്തില്‍ ഏഴടി ഉയരത്തില്‍ വരെ കമ്പികള്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കമ്പികള്‍ സ്ഥാപച്ചതോടെ ആറുമാസമായി ഇപ്പോള്‍ ആനശല്യമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വേലിയുമായി ആന സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മൂന്ന് മൈക്രോസെക്കന്‍ഡ് സമയത്തേക്ക് 11 വോള്‍ട്ട് വൈദ്യുതി ഷോക്ക് ഏല്‍ക്കുന്നു. ഇത് മൃഗത്തെ ശല്യപ്പെടുത്തും, പക്ഷേ അതിനെ ഉപദ്രവിക്കില്ല. സാധാരണയായി, പ്രായപൂര്‍ത്തിയായ ആനയുടെ ഉയരം ഏകദേശം 10-12 അടിയാണ്. അതുകൊണ്ടു തന്നെ ആനയെ ഈ വിദ്യ ഗ്രാമത്തിലേക്ക് പ്രവേശിക്കാതെ തടയുന്നു. ഫോറസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് 4 കിലോമീറ്റര്‍ നീളമുള്ള സോളാര്‍ വേലി സ്ഥാപിച്ചത്.

”ആനകള്‍ ഞങ്ങളുടെ വിളകളും പച്ചക്കറികളും നശിപ്പിച്ചതിനാല്‍ ഞങ്ങള്‍ അവ കൃഷി ചെയ്യുന്നത് ഏതാണ്ട് നിര്‍ത്തിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ആറ് മാസമായി, ഞങ്ങളുടെ വയലില്‍ ആനയിറങ്ങിയിട്ടില്ല, ”പന്‍ബാരി ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സുജിത് സര്‍ക്കാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ വൈദ്യുതിയുമായി ബന്ധിപ്പിച്ചിരുന്ന പരമ്പരാഗത വേലി ആനക്കൂട്ടം ഇടിച്ച് നശിപ്പിക്കുമായിരുന്നു.

അതുപോലെ തന്നെ ആനയെ തുരത്താന്‍ ചിലര്‍ വേലിയില്‍ അതിശക്തമായി വൈദ്യുതി കടത്തിവിട്ടിരുന്നു. വേലിയിലെ വോള്‍ട്ടേജ് വര്‍ദ്ധിപ്പിക്കുന്നതിനായി വേലിയെ ചില ഗ്രാമീണര്‍ അവരുടെ ഗാര്‍ഹിക വൈദ്യുതി ലൈനുമായി ബന്ധിപ്പിക്കുകയും അത് ആനക്കൂട്ടങ്ങള്‍ക്ക് ് ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമായിരുന്നെന്നും ഗ്രാമീണര്‍ പറയുന്നു