Celebrity

സ്മൃതി മന്ഥനയുടെ  പിതാവിന് ഹൃദയാഘാതം; വിവാഹ വേദിയിലേക്ക് ഇരച്ചെത്തി ആംബുലൻസ്, ചടങ്ങുകള്‍ മാറ്റി

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതായി താരത്തിന്റെ മാനേജർ സ്ഥിരീകരിച്ചു.

സംഭവത്തെ തുടർന്ന് വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തി ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. സ്മൃതിയും കുടുംബവും പിതാവിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോർട്ട്. 

സംഗ്ലിയിൽ സ്മൃതിയുടെ കുടുംബത്തിന്റെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, സംഗീത് ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കളും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ സംഗ്ലിയിലെത്തിയിരുന്നു. ഞായറാഴ്ചയാണ് വിവാഹം തീരുമാനിച്ചിരുന്നത്. അതിനിടെയാണ് താരത്തിന്റെ പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

‘‘ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ശ്രീനിവാസ് മന്ഥനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. നില വഷളായതോടെ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പുതുക്കിയ വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല.’’– താരത്തിന്റെ മാനേജർ തുഹിൻ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു.

വിവാഹ ആഘോഷങ്ങൾ ദിവസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു. ഹൽദി ആഘോഷത്തിന്‍റെ ഭാഗമായി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങളും സ്മൃതിയും വാദ്യമേളങ്ങൾക്കൊപ്പം ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ, റേണുക സിങ്, ശിവാലി ഷിൻഡെ, റാധ യാദവ്, ജെമിമ റോഡ്രിഗസ് തുടങ്ങിയവർ നൃത്തം ചെയ്യുന്നതിന്‍റെ വിഡിയോ ശഫാലി വർമ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു