Sports

രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലി രാജിന്റെ റെക്കോഡ്‌ പഴങ്കഥ

തിരുവനന്തപുരം: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് റെക്കോഡ്‌. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍ തികയ്‌ക്കുന്ന വനിതാ താരമെന്ന നേട്ടമാണ്‌ മന്ദാന സ്വന്തമാക്കിയത്‌.

ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി20 യില്‍ 27 റണ്‍ നേടിയതോടെയാണ്‌ മന്ദാന റെക്കോഡ്‌ കുറിച്ചത്‌. ഇന്ത്യയുടെ മുന്‍ നായിക മിതാലി രാജിനെ മറികടന്നാണ്‌ മന്ദാനയുടെ നേട്ടം. 291 ഇന്നിങ്‌സുകളില്‍ നിന്നാണ്‌ മിതാലി രാജ്‌ 10,000 റണ്‍ തികച്ചത്‌. മന്ദാന 281 ഇന്നിങ്‌സുകളിലായി 10,000 റണ്ണിലെത്തി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ്‌ എഡ്വേഡ്‌സ്‌ (308 ഇന്നിങ്‌സ്‌), ന്യൂസിലന്‍ഡ്‌ താരം സൂസി ബേറ്റ്‌സ്‌ (314 ഇന്നിങ്‌സ്‌) എന്നിവരാണ്‌ പട്ടികയില്‍ മൂന്നും നാലും സ്‌ഥാനത്ത്‌. രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍ തികയ്‌ക്കുന്ന നാലാമത്തെ വനിതാ താരമാണ്‌ മന്ദാന.

333 ഇന്നിങ്‌സുകളില്‍ നിന്ന്‌ 10,868 റണ്ണെടുത്ത മിതാലിയാണ്‌ റണ്‍ വേട്ടക്കാരികളില്‍ ഒന്നാമത്‌. സൂസി ബേറ്റ്‌സ്‌ (10,652), ഷാര്‍ലറ്റ്‌ എഡ്വേഡ്‌സ് (10,273) എന്നിവരാണ്‌ സ്‌മൃതിക്ക്‌ മുന്നിലുള്ളത്‌. ടെസ്‌റ്റില്‍ 629 റണ്ണും ഏകദിനത്തില്‍ 5,322 റണ്ണുമാണു താരത്തിന്റെ നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തിനിടെ വനിതാ ട്വന്റി20 യില്‍ 4000 റണ്ണെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാനും സ്‌മൃതിക്കായി. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനു ശേഷം 4000 റണ്ണെടുക്കുന്ന വനിതയുമാണ്‌.