ആധുനിക ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും ഹൃദ്രോഗവും അമിതവണ്ണവും രക്‌താതിസമ്മര്‍ദ്ദവുമൊക്കെ വ്യാപകമാകുന്നതിന്റെ കാരണങ്ങളിലൊന്ന് ഭക്ഷണത്തിലെ അപാകതകളാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് . തെറ്റായ ഭക്ഷണരീതി ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇവിടെ പലപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ‘ഫാസ്‌റ്റ് ഫുഡ്’ തന്നെയാണ്. അമിതമായി കൊഴുപ്പടങ്ങിയതും, കൃത്രിമ ചേരുവകള്‍ അടങ്ങിയതുമായ ആഹാരസാധനങ്ങള്‍ ആരോഗ്യത്തിനു പകരം നല്‍കുന്നത് ഒരു പക്ഷേ മാറാരോഗങ്ങളായിരിക്കും.
അശാസ്‌ത്രീയമായ ഭക്ഷണരീതികള്‍ക്കെതിരായി 1986 ല്‍ കാര്‍ലോ പെട്രീനി ആരംഭിച്ച പ്രസ്‌ഥാനമാണ് ‘സ്ലോ ഫുഡ്’. പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗങ്ങളും അടങ്ങിയ പരമ്പരാഗത ഭക്ഷണരീതിയാണ് സ്ലോ ഫുഡ്. പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണത്തെയും പ്രാദേശിക പാരമ്പര്യങ്ങളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അവരെ ഭക്ഷണം സമയമെടുത്ത ശരിക്കും ആസ്വദിച്ച് കഴിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നു.
റോമിലെ ചരിത്രപ്രസിദ്ധമായ സ്പാനിഷ് സ്റ്റെപ്പുകൾക്ക് സമീപം മക്ഡൊണാൾഡ് തുറന്നതിനെതിരായ 1986-ൽ ഇറ്റലിയിലാണ് സ്ലോ ഫുഡ് പ്രസ്ഥാനം പിറന്നത്. ഇവരുടെ പ്രാദേശിക ഘടകങ്ങൾ പലപ്പോഴും വൈൻ രുചികൾ, കർഷകരുടെ വിപണികൾ, പ്രാദേശിക പാചകരീതികളുടെ ആഘോഷങ്ങൾ എന്നിവ പോലുള്ള പരിപാടികൾ നടത്തുന്നു. ഫാസ്‌റ്റ് ഫുഡ് ഭക്ഷണ സാധനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന സംഘടനയ്‌ക്ക് ഇപ്പോള്‍ 104 രാജ്യങ്ങളിലായി അംഗങ്ങളുണ്ട്.
പരമ്പരാഗത കൃഷിരീതികളേയും, ഭക്ഷണ സംസ്‌ക്കാരത്തേയും പ്രേത്സാഹിപ്പിക്കുക എന്നതാണ് പ്രസ്‌ഥാനത്തിന്റെ മുഖ്യ ലക്ഷ്യം. ആധുനിക ജീവിതശൈലി രോഗങ്ങള്‍, തെറ്റായ ഭക്ഷണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പോഷക സമൃദ്ധവും അതേസമയം രുചികരവുമായ സ്ലോ ഫുഡിന് ഏറെ പ്രസക്‌തിയുണ്ട്.ആധുനിക മനുഷ്യന്റെ മാറുന്ന ജീവിതശൈലിയില്‍, ഏറ്റവും കൂടുതല്‍ മാറ്റത്തിന് വിധേയമാകുന്നത് ഭക്ഷണസമ്പ്രദായമാണ്.
നാടന്‍ ഭക്ഷണവിഭവങ്ങള്‍ ഇന്ന് ആര്‍ക്കും വേണ്ട. ടിന്നിലടച്ചതും പ്ലാസ്‌റ്റിക് പാത്രങ്ങളില്‍ പായ്‌ക്കുചെയ്‌തതുമായ കൃത്രിമ ഭക്ഷണ സാധനങ്ങളോടാണ് എല്ലാവര്‍ക്കും പ്രിയം.രുചികൂട്ടാനും, ഏറെനാള്‍ കേടുവരാതെ സൂക്ഷിക്കാനുമായി ഭക്ഷണ സാധനങ്ങളില്‍ ചേര്‍ക്കുന്ന പല രാസവസ്‌തുക്കളും ആരോഗ്യത്തിന് അത്യന്തം ഹാനികരമാണ്. പ്രായമായവരില്‍ ഇതു ദഹനക്കേട്, വയറിളക്കം, വിശപ്പില്ലായിമ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഫാസ്‌റ്റ്ഫുഡ് ഭക്ഷണ സാധനങ്ങളില്‍ നാരുകളുടെ (ഫൈബര്‍) അളവ് തുലോം കുറവാണ്. മലബന്ധത്തിനും, വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിനുമൊക്കെ, ദഹനപ്രക്രിയയ്‌ക്കു വഴങ്ങാത്ത നാരുകളുടെ അഭാവം കാരണമാകാം.
സ്‌ഥിരമായി ഫാസ്‌റ്റ് ഫുഡിനെ ആശ്രയിക്കുന്ന വ്യക്‌തിക്ക് ഭക്ഷണം വഴിയുള്ള നിറോക്‌സികാരികളുടെ സംരക്ഷണം ലഭിക്കുന്നില്ല. അതുപോലെ തന്നെ അമിത മാംസഭക്ഷണം, പൊണ്ണത്തടിക്കും തുടര്‍ന്ന് പ്രമേഹത്തിനും, അമിത കൊഴുപ്പിന്റെ പ്രശ്‌നങ്ങള്‍ക്കുമെക്കെ വഴിയൊരുക്കുന്നു.
ഭക്ഷണം കഴിക്കുന്ന രീതിയിലുമുണ്ട് അപചയം. പലപ്പോഴും ടി.വിയില്‍ മിന്നിമറയുന്ന വര്‍ണ്ണപകിട്ടുകളില്‍ കണ്ണും നട്ട് എന്തെങ്കിലുമൊക്കെ വാരിവലിച്ചു കഴിക്കുകയാണ് പലരും ചെയ്യുന്നത് തികച്ചും യാന്ത്രികമായി.ഭക്ഷണത്തിന്റെ രുചിയും, മണവുമൊക്കെ ആസ്വദിക്കാതെ, ഭക്ഷണം അകത്താക്കുമ്പോള്‍ നമുക്ക് നഷ്‌ടമാകുന്നത് ദഹനേന്ദ്രിയവും, സംവേദനേന്ദ്രിയങ്ങളുമായുള്ള സമരസപ്പെടലാണ്. ഫലമോ ദഹനക്കേടു മുതല്‍ പെപ്‌റ്റിക് അള്‍സര്‍വരെയുള്ള പ്രശ്‌നങ്ങളും.ഉദാത്തമായ ഒരു ഭക്ഷണ സംസ്‌ക്കാരത്തിന്റെ ഉടമകളാണ് നമ്മള്‍. ‘അന്നം ബ്രഹേ്‌മാപാസനേ’ എന്നാണ് ഉപനിഷത്തുകള്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ‘പയ്യെതിന്നാല്‍ പനയും തിന്നാം’ എന്നൊരു പഴഞ്ചൊല്ലും നമുക്കുണ്ട്. നമുക്കുവേണ്ടത് രുചിയും അതോടൊപ്പം ആരോഗ്യവുമാണ്. ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്‌ക്കാരത്തിന്റെ തുടക്കം നമ്മുടെ അടുക്കളകളില്‍ നിന്നു തന്നെയാവട്ടെ.