Crime

മകളുടെ വിവാഹത്തിന്‌ 2 ദിവസം മുന്‍പ് കാണാതായ സിന്ധുവിന്റെ തിരോധാനവും പുനരന്വേഷണത്തിലേക്ക്‌

അതിരമ്പുഴ സ്വദേശിനി ജൈനമ്മയുടെ തിരോധാന കേസ്‌ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്‌ കടക്കുന്നതിനിടെ ചേര്‍ത്തലയില്‍ നിന്ന്‌ കാണാതായ സിന്ധുവിന്റെ തിരോധാനവും പുനരന്വേഷണത്തിലേക്ക്‌. ജൈനമ്മയുടെ തിരോധാന കേസില്‍ അറസ്‌റ്റിലായ സെബാസ്‌റ്റ്യന്‌ ചേര്‍ത്തലയില്‍ നിന്ന്‌ കാണാതായ മറ്റ്‌ രണ്ട്‌ സ്‌ത്രീകളുമായും ബന്ധമുണ്ടെന്ന്‌ അന്വേഷണ സംഘത്തിന്‌ സൂചന ലഭിച്ച സാഹചര്യത്തിലാണിത്‌.

ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ 13-ാം വാര്‍ഡില്‍ വള്ളാകുന്നത്ത്‌ വെളി സിന്ധു(43)വിനെ 2020 ഒക്‌ടോബര്‍ 19 നാണു കാണാതായത്‌. വൈകിട്ട്‌ ക്ഷേത്രദര്‍ശനത്തിനായി പോയ ഇവര്‍ പിന്നീട്‌ തിരിച്ചു വന്നില്ല. ഫോണ്‍ എടുക്കാതെയായിരുന്നു യാത്ര. ബന്ധുക്കള്‍ ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ബന്ധുക്കളുടെ പരാതിയില്‍ അര്‍ത്തുങ്കല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും നാലു വര്‍ഷം മുന്‍പ്‌ നടപടികള്‍ അവസാനിപ്പിച്ചു. മകളുടെ വിവാഹത്തിന്‌ രണ്ട്‌ ദിവസം മുന്‍പാണ്‌ സിന്ധു ക്ഷേത്ര ദര്‍ശനത്തിനെന്ന്‌ പറഞ്ഞു പോയത്‌. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തിയതായി കണ്ടെത്തി. പിന്നിട്‌ എവിടേക്ക്‌ പോയെന്ന്‌ കണ്ടെത്താനായില്ല.

വീട്ടില്‍ നിന്ന്‌ പുറപ്പെടുന്നതിന്‌ മുന്‍പ്‌ വന്ന ഫോണ്‍ കോളിനെ തുടര്‍ന്ന്‌ സിന്ധു അസ്വസ്‌ഥയായിരുന്നെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌. അന്വേഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്‌ സംഘം ഇവരുടെ വീടിന്റെ പരിസരത്തടക്കം റഡാര്‍ സംവിധാനം ഉപയോഗിച്ച്‌ വിശദമായ പരിശോധന നടത്തിയിരുന്നു.