ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നടന്‍ നടന് ചിമ്പു സംവിധായകന്റെ കസേരയിലേക്ക് തിരിച്ചുവരുന്നു. തന്റെ അമ്പതാം സിനിമയിലാണ് നടന് സംവിധായകന്റെ തൊപ്പിയണിയുന്നത്. തിരക്കഥ, എഡിറ്റിംഗ്, സംഗീതം, ആലാപനം, സംവിധാനം ഉള്‍പ്പെടെ സിനിമയിലെ ഒട്ടുമിക്ക മേഖലയിലും കൈവെച്ചിട്ടുള്ള ചിമ്പു തന്റെ തന്നെ ഉപേക്ഷിച്ച പ്രൊജക്ടായ ‘കെറ്റവന്‍’ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് കേള്‍വി.
മുമ്പ് 2004 ല്‍ പുറത്തുവന്ന മന്മഥന് സിനിമയ്ക്ക് പിന്നില്‍ താരത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. എ ജെ മുരുകന് സംവിധാനം ചെയ്ത സിനിമയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കൈകള്‍ താരത്തിന്റേതായിരുന്നു എന്നാണ് അഭ്യൂഹങ്ങള്‍. നടനെ സംബന്ധിച്ചിടത്തോളം തിരശ്ശീലയ്ക്ക് പിന്നില്‍ ചിമ്പുവിന് ഇത് ഒരു നല്ല തുടക്കമായിരുന്നു. 2006 ല്‍ നയന്‍താരയും റീമ സെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് തമിഴ് ചിത്രമായ ‘വല്ലവന്’ ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും എഴുത്തുകാരനും സംവിധായകനുമായി. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടുക മാത്രമല്ല നിരൂപകരില്‍ നിന്ന് പ്രശംസ നേടുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം താരം സംവിധായക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പിന്നീട് ‘മന്മഥ’ന്റെ തുടര്‍ച്ചയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു എങ്കിലും ഇതുവരെ ഒന്നും യാഥാര്‍ത്ഥ്യമായില്ല. എന്നാല്‍ തന്റെ 50-ാമത് പ്രോജക്റ്റ് സംവിധാനം ചെയ്യാന്‍ താരം മടങ്ങിവരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ഇനിയും വരേണ്ടതുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഫ്തിയുടെ ഔദ്യോഗിക തമിഴ് റീമേക്കായ ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത പാത്തു തല എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ദേശിംഗു പെരിയസാമി സംവിധാനം ചെയ്യുന്ന പിരീഡ് ഡ്രാമ ചിത്രമായ എസ്ടിആര് 48 ന്റെ ചിത്രീകരണത്തിനായി തയ്യാറെടുക്കുകയാണ് താരം ഇപ്പോള്‍. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.