Celebrity

‘അതുവരെ മൈൻഡ് ചെയ്യാതിരുന്ന കെ. എസ് രവികുമാര്‍ എന്നെക്കണ്ടാൽ ചാടി എഴുന്നേല്‍ക്കും’ ലാലിന്റെ ഒരു കാൾ നല്‍കിയ മര്യാദയെപ്പറ്റി സിദ്ധിഖ്

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മ്മിച്ച്‌ ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ‘നേര്’ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഈ സിനിമയുടെ പ്രൊമോഷനിൽ മോഹൻലാൽ അടക്കമുള്ള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്നുണ്ട്.ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനിടെ സിനിമയിലെ സഹതാരവും സുഹൃത്തുമൊക്കെയായ സിദ്ധിഖ് മോഹൻലാലിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ഒരിക്കൽ തമിഴിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് സിദ്ധിഖ് പറഞ്ഞത്. ” ഞാൻ ഒരിക്കൽ തമിഴിൽ അഭിനയിക്കാൻ പോയി. ജീവയാണതിൽ ഹീറോ. കെ. എസ് രവികുമാറും അതിൽ പ്രധാനമായ ഒരു കഥാപാത്രം അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ് തുടങ്ങിയ ദിവസം ഞാൻ രവികുമാറിനെ കണ്ട് ഗുഡ് മോർണിംഗ് പറഞ്ഞു. പക്ഷേ പുള്ളി എന്നെ മൈൻഡ് ചെയ്തതേ ഇല്ല. ഒരു ദിവസം അഭിനയിച്ചു, പുള്ളി എന്നെ ശ്രദ്ധിക്കുന്നതേ ഇല്ല. രണ്ടാമത്തെ ദിവസവും അങ്ങനെ തന്നെ. വലിയ മൈൻഡ് ഒന്നുമില്ല. രണ്ടാം ദിവസം ലാൽ എന്നെ വീഡിയോ കാൾ വിളിച്ചു. ലാൽ വേറെ എന്തോ കാര്യം പറയാൻ വിളിച്ചതാ. അപ്പൊ ജീവ എന്റെ തൊട്ട് അടുത്ത് ഇരിപ്പുണ്ട്. ലാൽ വിളിച്ചപ്പോ ‘ലാലിന്റെ ഒരു ഫ്രണ്ട് എന്റെ കൂടെയുണ്ടെന്നു പറഞ്ഞ് ഞാൻ ജീവയെ കാണിച്ച് കൊടുത്തു. ലാലിനെ കണ്ടമാത്രയിൽ,’ ലാൽ സർ ‘ എന്ന് പറഞ്ഞ് ജീവ ചാടി എഴുന്നേറ്റു. എന്നിട്ട് കീർത്തിചക്രയിലെ കാര്യങ്ങളൊക്കെ സംസാരിച്ചു. എഴുന്നേറ്റു നിന്നാണ് വളരെ എക്സൈറ്റഡായിട്ടാണ് ജീവയുടെ സംസാരം. ഇതു കണ്ട് കെ എസ് രവികുമാർ എഴുന്നേറ്റു വന്നിട്ട് ഒരു മര്യാദയും ഇല്ലാതെ ജീവയുടെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു. എന്നിട്ട്, ‘ ലാൽ സർ… എപ്പടിയിരുക്ക്. റൊമ്പ സന്തോഷം സർ. ഒരു വാട്ടി പാക്കണം എന്ന ആസയിറുക്ക്..’ എന്നൊക്കെ പറഞ്ഞു. ലാലും വളരെ കാര്യമായി സംസാരിച്ചു. അതോടെ ഇയാളുടെ ലെവൽ ആകെ പോയി. ശരണ്യയും അവിടെ ഉണ്ടായിരുന്നു. ശരണ്യയോടും ലാൽ സംസാരിച്ചു. എന്നിട്ട് ഞങ്ങളോടും സംസാരിച്ചു ലാൽ ഫോൺ വച്ചു. പിറ്റേ ദിവസം മുതൽ കെ എസ് രവികുമാർ എന്നെക്കണ്ടാൽ എഴുന്നേറ്റു നിൽക്കും. ഭയങ്കര ബഹുമാനമാണ്. ഇന്നലെ വരെ മൈൻഡ് ചെയ്യാതിരുന്ന ആൾ കാണുമ്പോൾ തന്നെ ‘ലാൽ സർ കൂപ്പിട്ടിറുക്കാ’ എന്ന് ചോദിക്കും. എന്നുമെന്നും ലാൽ വിളിക്കില്ല, എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിലേ വിളിക്കു എന്ന് ഞാൻ മറുപടി പറയും. ‘അവളുവോ ഫ്രിണ്ട്ഷിപ്പ് ഇറുക്കാ’ എന്നൊക്കെ ചോദിക്കും. അത് വരെ മൈൻഡ് ചെയ്യാതിരുന്ന രവികുമാർ പോലും ആ ഫോൺ കോളിന് ശേഷം എനിക്ക് ബഹുമാനം തന്ന് തുടങ്ങി. ലാലിന്റെ കൂട്ടത്തിൽ സിനിമകളിൽ അഭിനയിക്കുകയും കാണുകയും ഒക്കെ ചെയ്യുന്നത് കൊണ്ട് ലാലിന്റെ വാല്യു ഒരുപക്ഷെ ഞാനൊന്നും ഇത്രയ്ക്കും മനസിലാക്കണം എന്നില്ല. ലാലിന്റെ വീഡിയോ കാൾ വന്നാൽ ഞാൻ ചാടി എഴുന്നേൽക്കണം എന്നില്ല. സത്യം പറഞ്ഞാൽ അന്യഭാഷയിൽ ഉള്ളവർ ലാലിന് ഇങ്ങനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്. വലിയ അഭിമാനം തന്നെയാണത്… ” സിദ്ധിഖ് പറഞ്ഞു.’ജനകൻ’ എന്ന സിനിമയ്ക്ക് ശേഷം 13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹൻലാല്‍ നേരിലൂടെ വക്കീല്‍ കഥാപാത്രമായെത്തുന്നത്. ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ റിയലിസ്റ്റിക്കായി കാണിക്കുന്നു. സംഘര്‍ഷവും. ഉദ്വേഗവും കോര്‍ത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകള്‍ ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിൽ നിവർത്തി കാണിക്കുന്നു. പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യുവര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ , രശ്മി അനില്‍, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.