Oddly News

ഉടമയുടെ ശവകുടീരത്തില്‍ വളര്‍ത്തുനായ കഴിഞ്ഞത് രണ്ട് വര്‍ഷം; മരണവക്കിൽ നിന്നും രക്ഷ

നന്ദിയെന്ന വാക്കോര്‍ക്കുമ്പോള്‍ തന്നെ മനസ്സിലാദ്യം വരുന്നത് നായയുടെ മുഖമായിരിക്കും. മരണത്തിന് ശേഷം ഉടമയെ കാത്തിരുന്ന നായകളുടെ വാര്‍ത്തകളും കഥകളും നമ്മള്‍ കേട്ടിട്ടുണ്ടാകും. അതിന് സമാനമായ ഒരു സംഭവം ചൈനയിലും അരങ്ങേറി. മരിച്ചുപോയ തന്റെ ഉടമയുടെ ശവകുടീരത്തിനരികില്‍ രണ്ട് വര്‍ഷത്തിലധികമാണ് ഒരു നായ കാത്തിരുന്നത്. ഭക്ഷണവും പരിചരണവുമില്ലാതെ വന്നതിന് പിന്നാലെ രോഗാവസ്ഥയിലേക്ക് കടന്ന നായയെ ഒരു മൃഗസ്‌നേഹി രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്‍ഫ്‌ളുവന്‍സറും ജിയാങ്‌സി പ്രദേശത്തെ തെരുവുനായകൾ ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവാവാണ് നായയ്ക്ക് താങ്ങായത്. @ganpojiege എന്ന പേരില്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഇയാള്‍ 2022ലാണ് നായയെ ദത്തെടുക്കുന്നത്. ഇയാള്‍ തെരുവുനായകള്‍ക്കായി ഷെല്‍ട്ടര്‍ ആരംഭിച്ചിട്ടുണ്ട്. നായയ്ക്ക് വിധേയത്വമുള്ളവന്‍ എന്ന് അര്‍ഥം വരുന്ന സോങ്ബാവോ എന്ന് പേര് നല്‍കി.

പലരും ഇതിന് മുമ്പും നായയെ ദത്തെടുക്കാനായി ശ്രമിച്ചെങ്കിലും വീണ്ടും നായ ശവകുടീരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കൊണ്ടാണ് ഈ നായ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നായ പൂര്‍ണ ആരോഗ്യവാനാണെന്നും ഷെല്‍ട്ടര്‍ ഉടമ പറഞ്ഞു. ഷെല്‍ട്ടറില്‍ 100 ലധികം നായകള്‍ വേറെയും ഉണ്ട്.