Crime

ബോസിനോട് ജോലി വേണ്ടെന്ന് പറയാന്‍ മടി; പകരം നാലു കൈവിരലുകള്‍ മുറിച്ചുമാറ്റി…!

മനുഷ്യര്‍ ‘നോ’ പറയാന്‍ പഠിക്കണമെന്നതിനെ വലിയ കാര്യമായിട്ടാണ് മനശ്ശാസ്ത്രം വിലയിരുത്തുന്നത്. നോ പറയാന്‍ കഴിയാത്ത ലജ്ജാശീലരും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നും കരുതുന്നവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരും. നോ പറയാനുള്ള മടി കാരണം ഇഷ്ടമില്ലാത്ത ജോലിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് സ്വന്തം കയ്യിലെ നാലു വിരലുകള്‍ മുറിച്ചുമാറ്റി.

ലജ്ജാശീലനായ ഗുജറാത്തി യുവാവ് ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബന്ധു കൂടിയായ ബോസിനോട് പറയാനുള്ള മടി കൊണ്ടു ചെയ്തതായിരുന്നു ഈ ഘോരകൃത്യം. ബന്ധുവിന്റെ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്ന 32 കാരനാണ് ഇടതുകയ്യിലെ വിരലുകള്‍ മുറിച്ചുമാറ്റിയത്. ഈ മാസം ആദ്യം തന്റെ ഇടതുകയ്യിലെ വിരലുകള്‍ കാണാതായി എന്ന് പറഞ്ഞുകൊണ്ട് മയൂര്‍ താരാപാര എന്നയാള്‍ സൂറത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഹാജരായത് മുതലാണ് കഥയുടെ ആരംഭം.

ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ തനിക്ക് പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയും വഴിയരികില്‍ വീണുപോകുക യുമായിരുന്നെന്ന് അയാള്‍ പറഞ്ഞു. 10 മിനിറ്റിനുശേഷം ഉണര്‍ന്നപ്പോള്‍ ഇടതു കൈയിലെ നാല് വിരലുകള്‍ കാണാനില്ലായിരുന്നു. മന്ത്രവാദ ചടങ്ങുകള്‍ക്കായി മനുഷ്യന്റെ വിരലുകള്‍ മോഷ്ടിച്ചതാണെന്ന് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ അവരുടെ അന്വേഷണത്തില്‍ മയൂരിന്റെ കഥയില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തുകയായിരുന്നു.

വിചിത്രമായ കേസ് അമ്രോലി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷകര്‍ മയൂര്‍ കടന്നുപോയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും ദൃക്സാക്ഷികളെ അന്വേഷിക്കാനും തുടങ്ങി. പക്ഷേ ഒരു തെളിവും കിട്ടിയില്ല. മാത്രമല്ല മയൂറിന്റെ ബൈക്ക് ഒരു റിംഗ് റോഡിന് സമീപം പാര്‍ക്ക് ചെയ്തതായി കാണപ്പെട്ടു. അവന്‍ വഴിയരികിലൂടെ കടന്നുപോകുന്നത് ആരും കണ്ടതായും രേഖപ്പെടുത്തിയില്ല. തുടര്‍ന്ന് പോലീസ് ‘നേരാംവണ്ണം’ ചോദ്യം ചെയ്തപ്പോള്‍ താന്‍ തന്നെയാണ് കൈവിരല്‍ മുറിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു.

ചോദ്യം ചെയ്യലില്‍ സിംഗന്‍പൂരിലെ ചാര്‍ റസ്തയ്ക്ക് സമീപമുള്ള ഒരു കടയില്‍ നിന്ന് മൂര്‍ച്ചയുള്ള കത്തി വാങ്ങിയതായി താരാപാര സമ്മതിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അമ്രോളി റിംഗ് റോഡിലൂടെ പോയ താരാപാര അവിടെ മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്തു. അതിന് ശേഷം രാത്രി 10 മണിയോടെ കത്തി ഉപയോഗിച്ച് നാല് വിരലുകളും മുറിച്ചു. രക്തയോട്ടം തടയാന്‍ കൈമുട്ടിന് സമീപം കയര്‍ മുറുക്കി കെട്ടിയ ശേഷമാണ് മുറിച്ചുമാറ്റിയത്. പിന്നീട് കത്തിയും വിരലുകളും ബാഗിലാക്കി വലിച്ചെറിഞ്ഞു.

തന്റെ ബന്ധുവിന്റെ ഡയമണ്ട് കമ്പനിയില്‍ ഇനി ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാലാണ് സ്വയം അംഗഭംഗം വരുത്താന്‍ ശ്രമിച്ചതെന്ന് മയൂര്‍ താരാപര വൈമനസ്യത്തോടെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തനിക്ക് ഈ ജോലി വേണ്ടെന്ന് അവരോട് പറയാന്‍ മടിയായിരുന്നു. നാല് വിരലുകള്‍ നഷ്ടപ്പെട്ടത് അവനെ ജോലിക്ക് യോഗ്യനല്ലാക്കിയെന്നും പറഞ്ഞു.