Uncategorized

16 മീറ്ററോളം പിന്നിലേക്ക് ഓടി ഡൈവിംഗ് ക്യാച്ച് ; ബെന്‍ ഡക്കറ്റിനെ വീഴ്ത്തി ഗില്ലിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ്

ന്യൂഡല്‍ഹി: ക്യാച്ചുകള്‍ ചില മത്സരത്തിന്റെ ഗതി തന്നെ മാറ്റിക്കളയാറുണ്ട്. ചിലപ്പോള്‍ അവസാനം ജയവും തോല്‍വിയും തമ്മിലുള്ള വ്യത്യാസമായി അത് മാറാറുമുണ്ട്. എന്തായാലും ഇന്ത്യാ ഇംഗ്‌ളണ്ട് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ നേടിയ ഒരു മികച്ച ക്യാച്ച് സംസാര വിഷയമായി മാറിയിരിക്കുകയാണ്.

ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു അത് സംഭവിച്ചത്. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്‌ളണ്ടിന്റെ ഡക്കറ്റിന്റെ ക്യാച്ചാണ് ശുഭ്മാന്‍ എടുത്തത്. മോശം പന്തുകള്‍ തെരഞ്ഞെടുക്കാനായി അനേകം ഡോട്ട് ബോളുകള്‍ കളിച്ചതിന് ശേഷം നിരാശനായ ഡക്കറ്റ് (27) ലെഗ് സൈഡില്‍ ഒരു വമ്പനടിക്ക് മുതിര്‍ന്നു. പക്ഷേ പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല.

പന്ത് ഗില്ലിന്റെ ഓഫ് സൈഡിലേക്ക് ഉയര്‍ന്നു നീങ്ങി. ഉടന്‍ താരം കവറില്‍ നിന്ന് വലതുവശത്തേക്ക് വശത്തേക്ക് ഓടി. പന്തില്‍ നിന്നും കണ്ണെടുക്കാതെ പിന്നിലേക്ക് ഓടിയ താരം ഒടുവില്‍ ഡൈവ് ചെയ്ത് ക്യാച്ചും എടുത്തു.

ക്യാച്ച് പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കുന്നതിനായി 16 മീറ്ററാണ് താരം പിന്നിലേക്ക് ഓടിയത്. തികച്ചും അസാധ്യമായ ക്യാച്ച് ഗില്‍ ഒടുവില്‍ നേടുക തന്നെ ചെയ്തു. സുനില്‍ ഗവാസ്‌കര്‍, 2023 ലോകകപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയെ പുറത്താക്കാന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ ട്രാവിസ് ഹെഡ് എടുത്ത ക്യാച്ചിനോടാണ് ഗില്ലിന്റെ ക്യാച്ചിനെ താരതമ്യപ്പെടുത്തിയത്.