Featured Sports

രോഹിതിന്റെ പകരക്കാരന്‍ ആരാകും? ടെസ്റ്റ് ഓപ്പണറാന്‍ വാതിലില്‍ മുട്ടുന്നത് ഈ അഞ്ചുപേര്‍

ഐപിഎല്ലിനിടയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ ഇന്ത്യയില്‍ ഉടനീളമുള്ള ആരാധകരെയാണ് ഞെട്ടിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയോടെ രോഹിതില്‍ നിന്ന് ക്യാപ്റ്റന്‍സി മാറ്റാന്‍ സെലക്ടര്‍മാര്‍ ആലോചക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

രോഹിത് ടെസ്റ്റ് വിടുന്നതോടെ ഓപ്പണിംഗ് പാര്‍ട്ണറായി ഇന്ത്യയ്ക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും. രോഹിത് ശര്‍മ്മയ്ക്ക് പകരം
യശസ്വി ജയ്സ്വാളുമായി ഓപ്പണിംഗ് പങ്കാളിയാകാന്‍ കഴിയുന്ന അഞ്ച് കളിക്കാരിലേക്കാണ് രോഹിതിന്റെ വിരമിക്കല്‍ ശ്രദ്ധകൊണ്ടുവരുന്നത്. ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ഋതുരാജ് ഗെയ്ക്ക്്‌വാദ്, അഭിമന്യൂ ഈശ്വര്‍ എന്നിവരെയാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

രോഹിത് ശര്‍മ്മയ്ക്ക് പകരം ഇന്ത്യന്‍ ടീമിന്റെ അടുത്ത ക്യാപ്റ്റന്‍ ആകാനുള്ള പ്രധാന മത്സരാര്‍ത്ഥിയാണ് ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ വര്‍ഷം യശസ്വി ജയ്സ്വാള്‍ രംഗത്തേക്ക് കടക്കുന്നതുവരെ കളിയുടെ ദൈര്‍ഘ്യമേറിയ ഫോമില്‍ രോഹിതിനൊപ്പം ഓപ്പണറായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം മൂന്നാം നമ്പറിലേക്ക് വീണു. അവിടെ അദ്ദേഹം മിതമായ വിജയം കണ്ടെത്തി. രോഹിത് ഇപ്പോള്‍ വിരമിക്കുന്നതിനാല്‍, ജയ്സ്വാളിനൊപ്പം ബാറ്റിംഗ് ഓപ്പണറായി ഗില്‍ തിരിച്ചെത്തിയേക്കാം.

തന്റെ ടെസ്റ്റ് കരിയറിലെ ഭൂരിഭാഗവും ടീം ഇന്ത്യയ്ക്കായി ബാറ്റിംഗ് ഓപ്പണറായി കെ എല്‍ രാഹുല്‍ കളിച്ചിട്ടുണ്ട്. പിന്നീട് മധ്യനിരയിലേക്ക് മാറി. എന്നിരുന്നാലും, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് ശര്‍മ്മ ലഭ്യമല്ലാതിരുന്നപ്പോള്‍ വീണ്ടും വ്യത്യസ്ത അവസരങ്ങളില്‍ ബാറ്റിംഗ് തുറക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.മൂന്നാം ടെസ്റ്റില്‍ രോഹിത് സ്വയം മധ്യനിരയിലേക്ക് മാറിയതോടെ ഓപ്പണര്‍ റോളിലേക്ക് വീണ്ടും രാഹുല്‍ വന്നു. പരമ്പരയില്‍ 276 റണ്‍സ് അടിച്ചുകൂട്ടിയ അദ്ദേഹം പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി.

ഐപിഎല്‍ 2025-ല്‍ കാണിക്കുന്ന ഉജ്ജ്വല ഫോമാണ് സായ് സുദര്‍ശനെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ പലരും മുറവിളി കൂട്ടുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. കൗണ്ടി ക്രിക്കറ്റിലെ പരിചയം കൂടി കണക്കിലെടുത്ത് ബാക്കപ്പ് ഓപ്പണറായി ഇംഗ്ലണ്ട് പര്യടനത്തിലേക്ക് അദ്ദേഹത്തെ വിളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അടുത്ത വലിയ ഓപ്പണറായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും അദ്ദേഹത്തിനുണ്ട്.

അഭിമന്യു ഈശ്വരന്‍ കുറച്ചുകാലമായി ഇന്ത്യ എ ടീമില്‍ സ്ഥിരം സാന്നിധ്യമാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഇറങ്ങാന്‍ കഴിഞ്ഞില്ല. 100-ലധികം മത്സരങ്ങളില്‍ നിന്ന് 7500 റണ്‍സ് നേടിയ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലെ കരുത്തരായ താരങ്ങളില്‍ ഒരാളായ അദ്ദേഹത്തിന് രോഹിതിന്റെ അഭാവത്തില്‍ ടീം ഇന്ത്യയുടെ ഓപ്പണറാകാനുള്ള മികച്ച ഓപ്ഷനാണ്.

ഭാവിയിലെ താരമായി കണക്കാക്കുന്നുണ്ടെങ്കിലും ഋതുരാജ് ഗെയ്ക്വാദിന് സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായി പരിഗണിക്കപ്പെടുന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാങ്കേതികതയും സ്വഭാവവും ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുയോജ്യമാണ്. രോഹിത് ശര്‍മ്മ വിരമിക്കുന്നതോടെ, യശസ്വി ജയ്സ്വാളിനൊപ്പം ടോപ്പഓര്‍ഡറില്‍ അദ്ദേഹത്തെ പരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ബ്ബന്ധിതമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *