ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തുഞെരിച്ച്‌കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് പൂനാവാല ഇന്ത്യയിലെ കുപ്രസിദ്ധ ഗ്യാംഗ്‌സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുംബൈ പോലീസ്. തീഹാര്‍ ജയിലിലാണ് പൂനേവാല ഇപ്പോള്‍ കഴിയുന്നത്.
എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൂനേവാല ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്ന വിവരം മുംബൈ പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ പൂനാവാല തടവില്‍ കഴിയുന്ന തിഹാര്‍ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷ ശക്തമാക്കി. മുംബൈ പോലീസില്‍ നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ കിട്ടിയിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ വെളിപ്പെടുത്തലിന്റെ ഉത്തരവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുത്തിട്ടുണ്ട്.
2022 മെയ് മാസത്തിലായിരുന്നു അഫ്താബ് പൂനാവാല, 27 കാരിയായ ശ്രദ്ധ വാക്കറിനോട് ക്രൂരത കാട്ടിയത്. പൂനാവാല ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ 20 ദിവസത്തോളം റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2022 നവംബറില്‍ ശ്രദ്ധയുടെ പിതാവ് ആളെ കാണാനില്ലെന്ന പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ പ്രതികാരവും സ്പര്‍ദ്ധയും മൂലം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിഷ്‌ണോയ് സംഘം നിരവധി വ്യക്തികളെ ലക്ഷ്യം വച്ചിട്ടുണ്ട്.
1998-ലെ കൃഷ്ണമൃഗത്തെ കൊന്നതിന് പ്രതികാരം ചെയ്യാന്‍ ബിഷ്ണോയി ശ്രമിക്കുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനാണ് അവരുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. ബിഷ്ണോയ് സംഘം കൊലപ്പെടുത്തിയ പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടെ മാനേജര്‍ ഷഗന്‍പ്രീത് സിംഗ് ഉള്‍പ്പെടെയുള്ളവരാണ് ഹിറ്റ് ലിസ്റ്റിലുള്ളത്. നിലവില്‍ ഗുരുഗ്രാമില്‍ തടവിലായിരിക്കുന്ന ഗുണ്ടാസംഘം കൗശല്‍ ചൗധരിയും എതിരാളിയായ ഗുണ്ടാസംഘം അമിത് ദാഗറും ബിഷ്ണോയിയുടെ റഡാറില്‍ ഉണ്ട്.
11 സംസ്ഥാനങ്ങളിലായി 700-ലധികം ഷൂട്ടര്‍മാരുടെ വിപുലമായ ശൃംഖലയുള്ള ബിഷ്ണോയി സംഘത്തെ ദാവൂദ് ഇബ്രാഹിമിന്റെ ക്രിമിനല്‍ സാമ്രാജ്യത്തോടാണ് ഉപമിച്ചിരിക്കുന്നത്. ലോറന്‍സ് ബിഷ്നോയി അഹമ്മദാബാദിലെ സബര്‍മതി ജയിലില്‍ തടവില്‍ കഴിയുമ്പോള്‍, സിന്‍ഡിക്കേറ്റിനെ ഇപ്പോള്‍ നയിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ അന്‍മോല്‍ ബിഷ്നോയിയും മറ്റൊരു കുപ്രസിദ്ധ ഗുണ്ടയായ ഗോള്‍ഡി ബ്രാറും ചേര്‍ന്നാണ്.