Movie News

നരേന്ദ്ര മോദിയായി ഞാന്‍ അഭിനയിക്കാനോ? നെവർ; വിശദീകരണവുമായി നടൻ സത്യരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് സിനിമയില്‍ ​മോദിയായി പ്രശസ്ത തമിഴ് നടന്‍ സത്യരാജ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം പ്രചരിച്ചരുന്നു. എന്നാല്‍ താൻ ആ റോളില്‍ അഭിനയിക്കില്ലെന്ന് നടൻ സത്യരാജ് വ്യക്തമാക്കി. കാരണം ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്. എന്നാല്‍ സത്യരാജിന് മോദിയുടെ റോൾ നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്രങ്ങളും രംഗത്തെത്തി.

2007ൽ തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ പ്രധാന വേഷം ചെയ്തത് സത്യരാജായിരുന്നു. സിനിമയ്ക്ക് നിരൂപക പ്രശംസയും ലഭിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ജീവിതകഥയുമായി ബന്ധ​പ്പെട്ട് ഇതിനകം നിരവധി ബയോപിക്കുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2019ൽ വിവേക് ​​ഒബ്‌റോയിയെ നായകനാക്കി ‘പി എം നരേന്ദ്ര മോദി’ എന്ന ജീവചരിത്ര സിനിമയും പുറത്തിറങ്ങിയിരുന്നു..