കേരളത്തിലെ ആദ്യത്തെ കൊക്കെയിന്‍ കേസിനൊപ്പം ചേർത്തു വായിക്കുന്ന ഒരു പേരുണ്ട്, ഷൈൻ ടോം ചാക്കോ. 2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായി. അറസ്റ്റിലാകുമ്പോൾ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്.
കേസിനു പിന്നാലെ ഷൈനിന്റെ കരിയറിലും കുറച്ചു നാളത്തേക്ക് അതൊരു ബ്ലാക്ക് മാർക്കായി. പക്ഷേ മികച്ച കഥാപാത്രങ്ങൾ ചെയ്ത് ഷൈൻ പ്രേക്ഷക മനസ്സിലിടം നേടി. അഭിമുഖങ്ങളിലൂടെയും താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആ കേസും ആ രാത്രിയും എങ്ങനെയായിരുന്നു എന്ന് പറയുകയാണ് ഷൈൻ.
‘ഈ കൊക്കൈയിൻ കേസ് ഒക്കെ ഫ്ലാറ്റിനകത്തു ഒരു രാത്രിയിൽ നടന്ന സംഭവമാണ്. അവിടേക്ക് ഇൻവെസ്റ്റിഗേഷൻ ഓഫീസേഴ്സ് വരുകയും രാത്രി മുഴുവൻ നമ്മൾ ഒരു ഭീകരാന്തരീക്ഷത്തിൽ ഇരിക്കുകയും പിന്നീടത് ലോകം അറിയുകയും ചെയ്യുന്നു…അല്ലെങ്കിൽ അറിയാൻ പോകുന്നു, എന്തൊക്കെയോ സംഭവിക്കുന്നു. പിന്നീട് ജീവിതത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ ആ ഒരൊറ്റ രാത്രി കൊണ്ട് ആലോചിക്കുകയും മനസിലാക്കുകയും ചെയ്യുന്നു. എന്നാൽ നമുക്കതിൽ യാതൊന്നും ചെയ്യാനാവാതെ, മാറ്റാനും പറ്റാതെ വളരെ നിസ്സഹായവസ്ഥയിൽ ഇരിക്കുകയും, രാവിലെ ആയപ്പോൾ ഈ ചിന്തിച്ച കാര്യങ്ങൾക്ക് കീഴ്പെടുകയും ചെയ്ത സാഹചര്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്…” ഷൈൻ ടോം ചാക്കോ പറയുന്നു.
എന്നാൽ ഈ കൊക്കൈയിന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടിരിക്കുകയാണ്. എറണാകുളം സെഷൻസ് കോടതിയാണ് ഇവരെ വെറുതെവിട്ടത്. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കൈയിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.