നവംബര്‍ – ഡിസംബര്‍ കാലത്ത് ഇന്റര്‍നെറ്റ് തുറന്നാല്‍ വെളുത്ത മഞ്ഞുപുതപ്പിനും സൂര്യപ്രകാശം കടന്നുവരാത്ത കാലാവസ്ഥയ്ക്കും പ്രശസ്തമായ യൂറോപ്പിലെയും അമേരിക്കയിലെയും ശൈത്യകാലത്തെക്കുറിച്ചും വാതോരാതെ ഇന്ത്യാക്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാം. എന്നാല്‍ ഇന്ത്യയിലും സമാന കാലാവസ്ഥയും പ്രകൃതിയുടെ വിസ്മയവും ആസ്വദിക്കാനുള്ള ടൈമാണ് ഇപ്പോള്‍.
കുളു, മണാലി, ഷിംല എന്നിവിങ്ങളെല്ലാം വരുന്ന ഹിമാചല്‍ പ്രദേശ് മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അതിമനോഹരമായ ശൈത്യകാല വിസ്മയഭൂമിയായി മാറിയിരിക്കുകയാണ്. ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ റിഡ്ജ്, സന്ദര്‍ശകരുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു.
സ്‌നോമാന്‍ നിര്‍മ്മാണം, സ്‌നോബോള്‍ പോരാട്ടങ്ങള്‍, ഫോട്ടോഗ്രാഫി എന്നിവ പ്രദേശങ്ങള്‍ കയ്യടക്കുകയാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ മഞ്ഞിന്റെ കട്ടിയുള്ള പാളികള്‍ക്കടിയില്‍ കുഴിച്ചിടപ്പെട്ടിരിക്കുന്ന സ്ഥിതിയിലാണ്. മഞ്ഞുവീഴ്ചയുള്ള തെരുവുകളും ചൂടുചായ കുടിക്കലുമെല്ലാം ശൈത്യകാല പ്രേമികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാക്കി ഷിംലയെ മാറ്റിയിട്ടുണ്ട്.
ഷിംല, മഷോബ്ര, കുഫ്രി, നാര്‍ക്കണ്ട, രോഹ്രു, സമ്മര്‍ ഹില്‍, ഷൈലി കൊടുമുടി, ചാഡ്വിക്ക് വെള്ളച്ചാട്ടം, അന്നന്‍ഡലെ, മജതല്‍ വന്യജീവി സങ്കേതം, ജാഖൂ ഹില്‍, കിയാല ഫോറസ്റ്റ്, വൈസ്റഗല്‍ ലോഡ്ജ് തുടങ്ങി കാഴ്ചകള്‍ നിരവധിയാണ്. പ്രമുഖ വ്യൂ പോയിന്റുകള്‍, ഷോപ്പിംഗ് ഏരിയകള്‍, സാഹസിക കായിക വിനോദങ്ങള്‍, മതപരമായ സൈറ്റുകള്‍ എന്നിവയുടെ ഒരു ശേഖരം ഉള്ളതിനാല്‍, എല്ലാത്തരം യാത്രക്കാര്‍ക്കും സന്തോഷകരമായ ഡിസംബര്‍ ഇവിടെ ആസ്വദിക്കാം.
മജത്തല്‍ വന്യജീവി സങ്കേതത്തില്‍ പരുക്കന്‍ കാഴ്ചകള്‍ ആസ്വദിക്കാനും ചില സസ്യജന്തുജാലങ്ങള്‍, അപൂര്‍വ പക്ഷികള്‍ എന്നിവ കാണാനും കഴിയും. ഭക്തര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇടയില്‍ ഒരുപോലെ പ്രശസ്തമായ ജഖൂ ക്ഷേത്രം ഷിംലയിലെ ഏറ്റവും ഉയരമുള്ള കുന്നുകളുടെ മുകളില്‍ സ്ഥിതിചെയ്യുന്ന അതുല്യവും പ്രധാനപ്പെട്ടതുമായ ആരാധനാലയം കൂടിയാണ്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ റിഡ്ജ് ഷിംലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു തുറസ്സായ സ്ഥലമാണ്. ഷിംലയെ കുന്നുകളുടെ രാജ്ഞി എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ റിഡ്ജ് മാത്രം വൈകുന്നേരം ഒന്നു സന്ദര്‍ശിച്ചാല്‍ മതി. മഞ്ഞുവീഴ്ചയുടെ സമയത്ത്, ആളുകള്‍ മഞ്ഞ് കൊണ്ട് കളിക്കുന്നത് ആസ്വദിക്കുന്ന സ്ഥലമാണ് റിഡ്ജ്.
ഹിമാചല്‍ പ്രദേശിലെ മനോഹരമായ ഒരു പട്ടണമാണ് മഷോബ്ര. ഷിംലയിലെ സാധാരണ തിരക്കില്‍ നിന്ന് മാറി ഡിസംബറില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഷിംല സ്ഥലങ്ങളില്‍ ഒന്നാണിത്. സമുദ്രനിരപ്പില്‍ നിന്ന് 7,040 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഷോബ്ര ശീതകാലത്ത് കൂടുതല്‍ മനോഹരിയാകും. തലസ്ഥാനമായ ഷിംലയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുഫ്രി, 8,628 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹില്‍ സ്റ്റേഷനാണ്. ഒരു ഫോട്ടോഗ്രാഫി പ്രേമിയാണെങ്കില്‍, ഡിസംബറില്‍ ഫോട്ടോജെനിക് സ്ഥലങ്ങളില്‍ ഒന്നാണ് കുഫ്രി.