Movie News

ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറിനൊപ്പം ഫോട്ടോയ്ക്ക് ചെന്നു; ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടിയ്ക്ക് ഉണ്ടായത് മോശമായ അനുഭവം

ലോകത്തുടനീളം അനേകം ആരാധകരുള്ള നടിയാണ് ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടി. അനേകം ആരാധകര്‍ താരത്തിന്റെ ഒപ്പം നില്‍ക്കാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ താരപ്രഭയില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ ഒരു ആരാധകനോട് നോ പറഞ്ഞാല്‍ അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് താരത്തിന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സംഭവം ഹോളിവുഡില്‍ നിന്നും ഉണ്ടായി.

ട്രൂലൈസും പ്രിഡേറ്ററും ടെര്‍മിനേറ്ററും പോലെയുള്ള വിസ്മയ ചിത്രങ്ങളിലെ നായകന്‍ ആക്ഷന്‍ഹീറോ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനൊപ്പം ഒരു ചിത്രമെടുക്കാന്‍ ചെന്നപ്പോള്‍ അംഗരക്ഷകര്‍ തന്നെ തള്ളിയിട്ടെന്ന് നടി അനുസ്മരിച്ചു. തന്റെ ടോക്ക് ഷോയായ ദേശി വൈബ്‌സില്‍ ഷെഹ്നാസ് ഗില്ലുമായി നടത്തിയ സംഭാഷണത്തിലായിരുന്നു മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം താരം അനുസ്മരിച്ചത്.

ഹോളിവുഡ് താരത്തിനൊപ്പം ഒരു ചിത്രം എടുക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ അവനെ അകറ്റിയെന്നും ഇത് ഭര്‍ത്താവ് രാജ് കുന്ദ്രയെ ദേഷ്യം പിടിപ്പിച്ചുവെന്നും നടി പറഞ്ഞു. ഒരിക്കല്‍ വിദേശത്ത് പോയപ്പോള്‍ താന്‍ താമസിച്ച ഹോട്ടലില്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരു പരിപാടിക്ക് വന്നതായിരുന്നു. ഒരു ചിത്രത്തിനായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി, പക്ഷേ നല്ല തടിയുള്ള അംഗരക്ഷകര്‍ അദ്ദേഹത്തെ ഒന്നു കാണാന്‍ പോലും അനുവദിക്കാതെ തന്നെ തള്ളിമാറ്റി. ഇത് കണ്ട് തന്റെ പുറകിലിരുന്ന രാജ്കുന്ദ്രയ്ക്ക് കടുത്ത ദേഷ്യം വന്നു. ‘അവര്‍ ഒരു ഇന്ത്യന്‍ അഭിനേത്രിയാണെന്ന് നിങ്ങള്‍ക്കറിയാമോ?’ എന്ന് വിളിച്ചു ചോദിച്ചു. എന്നിട്ടും അവര്‍ കാണാന്‍ അനുവദിച്ചില്ല.

തനിക്ക് വളരെ നിരാശ തോന്നിയെന്നും എന്നാല്‍ ശില്‍പ ഒരു ഇന്ത്യന്‍ അഭിനേതാവാണെന്ന് കണ്ടെത്തിയതോടെ ‘പ്രിഡേറ്റര്‍’ താരം പിന്നീട് അവളോടൊപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ എത്തുകയുമുണ്ടായി. പക്ഷേ താനൊരു ഇന്ത്യന്‍ നടി എന്ന നിലയില്‍ അദ്ദേഹം തനിക്ക് ഒരു ഫോട്ടോ തന്നുവെങ്കിലും ഒരു ആരാധകനെന്ന നിലയില്‍ ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതില്‍ തനിക്ക് വിഷമം തോന്നിയെന്നും താരം പറഞ്ഞു. ഒരു ആഗ്രഹം നിരാകരിക്കപ്പെടുമ്പോള്‍ ആരാധകര്‍ക്ക് എന്ത് തോന്നുമെന്ന കാര്യം ആ സംഭവം കൊണ്ടു മനസ്സിലാക്കിയെന്നും താരം പറഞ്ഞു. അവര്‍ക്ക് ആ ഒരു അവസരം മാത്രമേ ലഭിക്കൂ…താരം പറഞ്ഞു.