എവറസ്റ്റിന് മുകളില്‍ കയറുക എന്നത് പര്‍വ്വതാരോഹകരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അപ്പോള്‍ 31 തവണ എവറസ്റ്റിനെ കീഴടക്കിയ കാമി റീത്തയ്ക്ക് ഇനിയെന്താവും ലക്ഷ്യമായിട്ടുണ്ടാകുക. പ്രശസ്ത ഷെര്‍പ്പ ഗൈഡ് കാമി റീത്തയാണ് എവറസ്റ്റ് കൊടുമുടി മുപ്പത്തൊന്നാം തവണയും കീഴടക്കിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തിന്റെ മുകളിലേക്ക് ഏറ്റവും കൂടുതല്‍ കയറുന്ന തന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. കഴിഞ്ഞ വര്‍ഷം അദ്ദേഹം രണ്ട് വിജയകരമായ കയറ്റങ്ങള്‍ നടത്തി. മെയ് മാസം കൊടുമുടിയിലേക്ക് കയറാന്‍ വീണ്ടും ശ്രമിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് മടങ്ങാന്‍ നിര്‍ബന്ധിതനായി. ഏറ്റവും അനുകൂലമായ കാലാവസ്ഥയുള്ള ഏപ്രില്‍, മെയ് മാസങ്ങളിലാണ് എവറസ്റ്റിന്റെയും സമീപമുള്ള ഹിമാലയന്‍ കൊടുമുടികളുടെയും കയറ്റം കൂടുതലായി നടക്കുന്നത്.
55 കാരിയായ കാമി റീത്ത ആദ്യമായി എവറസ്റ്റ് കീഴടക്കിയത് 1994 ലായിരുന്നു. അതിനുശേഷം എല്ലാ വര്‍ഷവും ഈ യാത്ര നടത്തുന്നു. ആദ്യത്തെ ഷെര്‍പ്പ പര്‍വത ഗൈഡുകളില്‍ ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എവറസ്റ്റിന് പുറമേ, കെ2, ചോ ഓയു, മനസ്ലു, ലോത്സെ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മറ്റ് കൊടുമുടികളില്‍ കാമി റീത്ത കയറിയിട്ടുണ്ട്.
ഓരോ വര്‍ഷവും 8,849 മീറ്റര്‍ (29,032 അടി) ഉയരമുള്ള പര്‍വതത്തിന്റെ മുകളില്‍ നില്ക്കാന് ആഗ്രഹിക്കുന്ന വിദേശ പര്‍വതാരോഹകരുടെ സുരക്ഷയ്ക്കും വിജയത്തിനും പ്രവര്‍ത്തിക്കുന്ന വൈദഗ്ധ്യമുള്ള നിര്‍ണായക ഷെര്‍പ്പ ഗൈഡുകളില്‍ ഒരാളാണ് അദ്ദേഹം. പര്‍വതത്തിന്റെ വിജയകരമായ 29 കയറ്റങ്ങള്‍ നടത്തിയ സഹ ഷെര്‍പ്പ ഗൈഡ് പസാംഗ് ദവയാണ് തൊട്ടുപിന്നില്‍
1953ല്‍ ന്യൂസിലന്‍ഡുകാരനായ എഡ്മണ്ട് ഹിലാരിയും നേപ്പാളി ഷെര്‍പ്പ ടെന്‍സിങ് നോര്‍ഗെയുമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 1975 മെയ് 16-ന് നേപ്പാളിലെ എവറസ്റ്റ് കൊടുമുടിയില്‍ നില്ക്കുന്ന ആദ്യ വനിതയാണ് ജുങ്കോ താബെ.




