സിനിമകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും കരുത്തുറ്റ പ്രകടനങ്ങളിലൂടെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ് നടി ഷെഫാലി ഷാ ഇപ്പോൾ. എന്നാൽ ഈ വിജയങ്ങൾക്കിടയിൽ വൈകാരികമായ പോരാട്ടങ്ങളുടെയും കഠിനമായ തീരുമാനങ്ങളുടെയും വലിയൊരു കഥയുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും താൻ അനുഭവിച്ച വൈകാരിക പീഡനങ്ങളെക്കുറിച്ചും ഷെഫാലി തുറന്നു പറഞ്ഞു
ആദ്യവിവാഹത്തിലെ കയ്പേറിയ അനുഭവങ്ങള്‍ നടി ഷെഫാലി ഷാ പങ്കുവച്ചു. ജീവിതം പൂര്‍ണമാവാന്‍ ഭര്‍ത്താവിന്‍റെ ആവശ്യമില്ലെന്നും നമുക്ക് നാം തന്നെ മതിയെന്നും ഷെഫാലി ഷാ പറഞ്ഞു. ഭര്‍ത്താവ് ഇല്ലാത്ത ജീവിതം ഒരിക്കലും നിങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ പോകുന്നില്ലെന്നും ഷെഫാലി സൂം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ജീവിതത്തിൽ പൂർണത നേടാൻ ഭർത്താവോ സുഹൃത്തോ സഹോദരനോ സഹോദരിയോ വേണമെന്ന് നിർബന്ധമില്ല, അത് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. നല്ല ബന്ധങ്ങളുണ്ടെങ്കിൽ നല്ലതാണ്. ഇല്ലെങ്കിൽ അതൊരിക്കലും നിങ്ങളുടെ മൂല്യം നിർണയിക്കാൻ പോവുന്നില്ല. അത് എന്നോട് ആരും പറഞ്ഞില്ല.
ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കുകയും അത് സ്വയം തിരിച്ചറിവ് നൽകുകയുംചെയ്യും. അത് നിർണായകമായൊരു ഘട്ടത്തിലെത്തിക്കും. അപ്പോഴാണ് തിരിച്ചറിവുണ്ടാവുക. അത് ചിലപ്പോൾ എന്നും സംഭവിക്കാം. എന്നാൽ, അത് തിരിച്ചറിയുകയും ഇത് എന്നേം കൊണ്ടേ പോവൂ എന്ന് മനസിലാക്കുകയും ചെയ്യുന്ന ഒരു നിമിഷം വരും. ഇതുമായി മുന്നോട്ടുപോകാനാവില്ലെന്ന് തിരിച്ചറിയും.
എന്നെ സംബന്ധിച്ച് ആ തിരിച്ചറിവ് ആദ്യ വിവാഹത്തിന് ശേഷമാണ് സംഭവിച്ചത്. സന്തോഷവും ആത്മവിശ്വാസവും നൽകാത്തതോ വിലമതിക്കപ്പെടുന്നു എന്ന് തോന്നിപ്പിക്കാത്തതോ ആയ ഒരു സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയില്ല. അപ്പോഴാണ് ഞാൻ തനിച്ച് മാറി താമസിക്കാൻ തീരുമാനിച്ചത്. പ്രായം കൂടുന്തോറും നിങ്ങൾ കെയർലെസ് ആവും. എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള ശ്രമം മടുക്കും. അപ്പോഴാണ് എനിക്ക് ബോധോദയമുണ്ടായത്, ഞാൻ ഒരു പിസയല്ലെന്നും എല്ലാവരേയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നും മനസിലായത്,’ ഷെഫാലി പറഞ്ഞു.
വേദന സഹിക്കാനാവാത്ത ഘട്ടമെത്തുമ്പോൾ, ഇനിയും അവിടെ തുടരുന്നത് തന്നെ പൂർണ്ണമായും തകർക്കുമെന്ന് തിരിച്ചറിയുന്ന ഒരു നിമിഷമുണ്ടാകുമെന്ന് ഷെഫാലി പറഞ്ഞു. ഒരു അടുത്ത സുഹൃത്തുമായുള്ള സംഭാഷണമാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായത്. “മറ്റൊരു പങ്കാളിയെ ലഭിച്ചില്ലെങ്കിലും ഒറ്റയ്ക്ക് ജീവിക്കാനുള്ള റിസ്ക് എടുക്കാൻ തയ്യാറാണോ, അതോ ഈ അസന്തുഷ്ടമായ വിവാഹജീവിതം തുടരണോ?” എന്ന സുഹൃത്തിന്റെ ചോദ്യം തന്നെ ചിന്തിപ്പിച്ചു.
യാതൊരു മടിയും കൂടാതെ ഷെഫാലി തിരഞ്ഞെടുത്തത് സ്വാതന്ത്ര്യമായിരുന്നു. തന്റെ ആത്മവിശ്വാസവും സന്തോഷവും തിരിച്ചുപിടിക്കാൻ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് താമസിക്കാനും താൻ തയ്യാറായിരുന്നുവെന്ന് അവർ പറയുന്നു. വൈകാരികമായി തന്നെ തകർക്കുന്ന ഒരിടത്ത് തുടരുന്നത് ഒരു ഓപ്ഷനേ അല്ലായിരുന്നു.
1994-ൽ നടൻ ഹർഷ് ഛായയെയാണ് ഷെഫാലി ആദ്യം വിവാഹം കഴിച്ചത്. അക്കാലത്ത് ‘ഹസ്രത്തീൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഈ ദമ്പതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല, 2000-ൽ അവർ വിവാഹമോചിതരായി. പിന്നീട് അതേവർഷം സംവിധായകനും നിർമാതാവുമായ വിപുൽ ഷായുമായി വിവാഹിതയായി. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.




