Featured Spotlight

”അവള്‍ എന്നേക്കാള്‍ സുന്ദരി”; സഹോദരിയെ എപ്സ്റ്റീന് പരിചയപ്പെടുത്താമെന്ന് യുഎഇ നയതന്ത്രജ്ഞ

യുഎഇയിലെ പ്രമുഖ നയതന്ത്രജ്ഞയും നിലവിൽ യുഎഇ പെർമനന്റ് കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ (പിസിഎച്ച്ആർ) ഡയറക്ടറുമായ ഹിന്ദ് അൽ-ഒവൈസിയും കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ഞെട്ടിക്കുന്ന ഇ-മെയിൽ വിവരങ്ങൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു.

2011-നും 2012-നും ഇടയിൽ ഇരുവരും കൈമാറിയ 469 സന്ദേശങ്ങളാണ് എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളെ എത്തിക്കുന്നതിനെക്കുറിച്ചും തന്റെ കുടുംബാംഗങ്ങളെ എപ്സ്റ്റീന് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള അതീവ ഗൗരവകരമായ പരാമർശങ്ങളാണ് ഈ സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നത്.

2012 ജനുവരിയിൽ അയച്ച ഒരു ഇ-മെയിലിൽ, “ഒരു പെൺകുട്ടിയെ സംഘടിപ്പിക്കുക തന്നെ പ്രയാസമാണ്, അപ്പോൾ രണ്ട് പെൺകുട്ടികൾ എന്നത് വലിയൊരു വെല്ലുവിളിയാണ്” എന്ന് അൽ-ഒവൈസി വ്യക്തമാക്കുന്നുണ്ട്. ഇതിന് മറുപടിയായി, രാത്രി 11 മണിയോടെ അവർക്ക് എത്താൻ സാധിക്കുമോ എന്നാണ് എപ്സ്റ്റീൻ ചോദിക്കുന്നത്. സന്ദേശങ്ങളിൽ തന്റെ സഹോദരിയെ എപ്സ്റ്റീന് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചും അൽ-ഒവൈസി വാചാലയാകുന്നുണ്ട്.

”നിങ്ങളെ കാണുന്നതിലും എന്‍റെ സഹോദരിയെ പരിചയപ്പെടുത്തുന്നതിലും ഞാന്‍ ആവേശത്തിലാണ്. അവള്‍ എന്നേക്കാളും സുന്ദരിയാണ്!” എന്നാണ് സന്ദേശം. തുടര്‍ സന്ദേശം ഇങ്ങനെ, ”എന്‍റെ സഹോദരി ഇവിടെയുണ്ട്. നിങ്ങളെ പറ്റി ഒരുപാട് കാര്യങ്ങള്‍ അവളോട് പറഞ്ഞിട്ടുണ്ട്. എനിക്ക് അവള്‍ നിങ്ങളെ കാണണമെന്നുണ്ട്. എപ്പോഴാണെന്ന് അറിയിക്കൂ”.

അന്വേഷണസംഘം ശേഖരിച്ച 60 ലക്ഷത്തിലധികം ഫയലുകളിൽ നിന്ന്, വ്യക്തിഗത വിവരങ്ങൾ മറച്ചുവെച്ച പകുതിയോളം രേഖകളാണ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ 2019-ൽ ആത്മഹത്യ ചെയ്ത എപ്സ്റ്റീന് അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അവിശുദ്ധ ബന്ധങ്ങളിലേക്കാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *