നികുതിവെട്ടിപ്പിന് ബാഴ്‌സിലോണയില്‍ നിയമനടപടി നേരിടുന്ന ഗായിക ഷക്കീറയ്ക്ക് എതിരേ നികുതിവെട്ടിപ്പിന് മറ്റൊരു കേസും. 6.7 ദശലക്ഷം യൂറോയുടെ നികുതിവെട്ടിപ്പാണ് പുതിയതായി ആരോപിക്കപ്പെട്ടിരിക്കുന്നത്. രണ്ട് കേസുകളും മുന്‍ പങ്കാളിയും ബാഴ്‌സിലോണ ഫുട്‌ബോള്‍ ക്ലബ്ബിന്റെ താരവുമായ ജെറാര്‍ഡ് പിക്കെയ്‌ക്കൊപ്പം നഗരത്തില്‍ താമസിക്കുന്ന സമയത്ത് ഉണ്ടായതാണ്.
ആദ്യകേസില്‍ പോപ്പ് താരം ബാഴ്സലോണയില്‍ വിചാരണ നേരിടുകയാണ്. 2012 – 14 കാലയളവില്‍ 14.5 മില്യണ്‍ യൂറോ നികുതി അടച്ചില്ലെന്ന ആരോപണത്തില്‍ നവംബര്‍ മുതല്‍ കുരുക്കിലാണ്. അതിന് പിന്നാലെ പുതിയ കേസില്‍, 2018 ലെ തന്റെ വരുമാനത്തിന്റെ നികുതിയും അടച്ചില്ലെന്നാണ് ആക്ഷേപം. എല്‍ ഡൊറാഡോ വേള്‍ഡ് ടൂര്‍ ഉള്‍പ്പെടെയുള്ളവയുടെ മുന്‍കൂര്‍ പേയ്മെന്റില്‍ നിന്ന് 12.5 മില്യണ്‍ ഡോളറിന്റെ കണക്ക് താരം കാണിച്ചില്ലെന്നാണ് ആരോപണം. നികുതി വെട്ടിക്കാന്‍ ടാക്സ് ഹെവന്‍ ആസ്ഥാനമായുള്ള ഒരു ഓഫ്ഷോര്‍ കമ്പനിയാണ് താരം ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇപ്പോള്‍ അമേരിക്കയിലെ മിയാമിയില്‍ താമസിക്കുന്ന 46 കാരിയായ ഗായികയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പുതിയ കേസിന്റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് താരത്തിന്റെ നിയമസംഘം ചൊവ്വാഴ്ച പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഷക്കീറയും പിക്കേയും പിരിഞ്ഞത്. ഈ വര്‍ഷത്തെ ലാറ്റിന്‍ ഗ്രാമികളില്‍ ഏഴ് അവാര്‍ഡുകള്‍ക്ക് അവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ഈ മാസം ആദ്യമാണ്. ഫുട്‌ബോള്‍ ലഹരി വാരി വിതറിയ വക്കാ…വക്കാ… ആല്‍ബത്തിലൂടെ ലോകത്ത് തരംഗം തീര്‍ത്ത താരം എവര്‍, എവേവര്‍, ഹിപ്സ് ഡോണ്ട് ലൈ എന്നിവയുള്‍പ്പെടെയുള്ള അനേകം ഹിറ്റുകളുടെ സൃഷ്ടാവുമാണ്. നികുതിവെട്ടിപ്പ് സ്‌പെയിനില്‍ എട്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.