ഇന്ത്യന്‍ സിനിമയിലെ അവിസ്മരണീയമായ ചില പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ ആരാധകര്‍ക്കിടയില്‍ ‘ബോളിവുഡിന്റെ രാജാവ്’ എന്നാണ് കിംഗ് ഖാന്‍ ഷാരൂഖിനെ അറിയപ്പെടാറുള്ളത്. നെഗറ്റീവ് ഷേഡുള്ള നായകവേഷമായ ബാസിഗര്‍ സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതേസമയം ആകസ്മീകമായിട്ടാണ് താരം ഈ വേഷത്തില്‍ എത്തിയത്. സല്‍മാന്‍ ഖാനൂം അക്ഷയ്കുമാറും തള്ളിക്കളഞ്ഞ വേഷമാണ് ഷാരൂഖിന്റെ അരികില്‍ എത്തിയതും താരത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും.
ചിത്രത്തിന്റെ രചയിതാവ് റോബിന്‍ ഭട്ട് അടുത്തിടെ ഈ സുപ്രധാന മോഷന്‍ പിക്ചറില്‍ ഷാരൂഖ് ഖാന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചില രസകരമായ വിവരങ്ങള്‍ വെളിപ്പെടുത്തി. ബാസിഗര്‍ ആദ്യം സല്‍മാന്‍ ഖാനും പിന്നീട് അക്ഷയ് കുമാറിനും വാഗ്ദാനം ചെയ്തുവെങ്കിലും രണ്ട് താരങ്ങളും ആ വേഷം നിരസിച്ചു. എന്നിരുന്നാലും ഷാരൂഖ് ഖാനെ സമീപിച്ചപ്പോഴാണ് ചിത്രത്തിന് മികച്ച ലീഡ് ലഭിച്ചത്. സിനിമ ചെയ്യുമ്പോള്‍ ഷാരൂഖ് ഖാന് ഒരു നിബന്ധനയുണ്ടായിരുന്നു- സ്‌ക്രിപ്റ്റ് മാറ്റമില്ലാതെ തുടര്‍ന്നാല്‍ മാത്രമേ അദ്ദേഹം ആ വേഷം ഏറ്റെടുക്കൂ. ‘നിങ്ങള്‍ സ്‌ക്രിപ്റ്റ് അതേപടി നിലനിര്‍ത്തിയാല്‍ മാത്രം ഞാന്‍ സിനിമ ചെയ്യും. താരം അക്കാര്യത്തില്‍ നിലപാട് എടുത്തു.
സാധാരണ നായക-വില്ലന്‍ ആഖ്യാനത്തില്‍ നിന്ന് സ്‌ക്രിപ്റ്റ് വേര്‍പെടുത്തിയതിനാല്‍, ചിത്രത്തിലേക്കുള്ള കാസ്റ്റിംഗിലെ വെല്ലുവിളികളെക്കുറിച്ചും ഭട്ട് സംസാരിച്ചു. ബാസിഗറിലെ നായകനും എതിരാളിയും ഒരാളായിരുന്നു. സങ്കീര്‍ണ്ണമായ ഈ കഥാപാത്രത്തിന് തീവ്രതയുടെയും കരിഷ്മയുടെയും ശരിയായ ബാലന്‍സ് ഉള്ള ഒരു നടനെയായിരുന്നു ആവശ്യം. ഷാരൂഖ് ഖാന്റെ നിര്‍ഭയത്വവും വൈവിദ്ധ്യം തേടാനുള്ള താല്‍പ്പര്യം അദ്ദേഹത്തെ അത്തരം വേഷം ചെയ്യാന്‍ കഴിവുള്ള ഒരേയൊരു നടനാക്കി.
സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ഇന്റര്‍വെല്‍ പോയിന്റില്‍ എത്തിയപ്പോള്‍ തന്നെ ഷാരൂഖ് സിനിമയ്ക്ക് ഒ കെ പറഞ്ഞു. രണ്ടാം പകുതി കേള്‍ക്കാന്‍ പോലും കാത്തുനിന്നില്ല. സിനിമയുടെ ഭാഗമാകാന്‍ തല്‍ക്ഷണം സമ്മതിച്ചു. സിനിമ വന്‍ ഹിറ്റാകുകയും ഷാരൂഖിന്റെ നായകനായും വില്ലനായുമുള്ള വേഷപ്പകര്‍ച്ച ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ബോളിവുഡ് ചരിത്രത്തിലെ ഈ സുപ്രധാന സംഭവം ഷാരൂഖ് ഖാന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കുകയും ബിസിനസിന്റെ ‘ബാദ്ഷാ’ എന്ന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.