Celebrity

എന്തു കൊണ്ട് ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്നില്ല ?  രസകരമായ മറുപടിയുമായി കിംഗ് ഖാന്‍

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ സമാനതകളില്ലാത്ത വിജയത്തിന് പേരുകേട്ട ആഗോള ഐക്കണാണ് ഷാരൂഖ് ഖാന്‍. പത്താന്‍, ജവാന്‍, ഡങ്കി എന്നിവയുള്‍പ്പെടെയുള്ള ബോളിവുഡ് ഹിറ്റുകളുടെ ഒരു പരമ്പരയിലൂടെ 2023 തന്റെ വര്‍ഷമാക്കി മാറ്റാനും ഷാരൂഖ് ഖാന് സാധിച്ചു. ആഗോളതാരമായി മാറിയിട്ടും കിംഗ് ഖാന്‍ ഹോളിവുഡില്‍ ഇതുവരെ ഒരു കൈ നോക്കിയിട്ടില്ല. ഇതിന്റെ കാരണം ഷാരൂഖ് തന്നെ വ്യക്തമാക്കിയിരിയ്ക്കുകയാണ് ഇപ്പോള്‍.

ടോം ക്രൂയിസിനെ പോലെ സുന്ദരന്‍ അല്ലാത്തതു കൊണ്ടും ജോണ്‍ ട്രാവോള്‍ട്ടയെപ്പോലെ അസാധാരണമായ നര്‍ത്തകര്‍ അല്ലാത്തതു കൊണ്ടുമാണ് താന്‍ താന്‍ ഹോളിവുഡില്‍ ഒരു കൈ നോക്കാത്തതെന്നാണ് ഐക്കണിക് സൂപ്പര്‍സ്റ്റാര്‍ തമാശയായി പറഞ്ഞത്. തന്റെ മുന്‍ഗണനകള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായ റോളുകള്‍ തനിക്ക് വരാത്തതു കൊണ്ടാണ് താന്‍ ഇതുവരെ ഹോളിവുഡിലേക്ക് കടക്കാത്തതെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2009ല്‍, പ്രശസ്ത സംവിധായകന്‍ ഡാനി ബോയില്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ നായകവേഷത്തിനായി ഷാരൂഖ് ഖാനെ ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ ഷാരൂഖ് ആ ഓഫര്‍ നിരസിയ്ക്കുകയായിരുന്നു. മികച്ച ചിത്രവും എആര്‍ റഹ്മാന്‍ എന്ന സംഗീതജ്ഞനുമടക്കം എട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പിന്നീട് അനില്‍ കപൂറാണ്.

പ്രശസ്ത ടെലിവിഷന്‍ ഷോയായ കോന്‍ബനേഗ ക്രോര്‍പതി ചെയ്യുന്ന തിരക്കിലായിരുന്നു ആ സമയം ഷാരൂഖ് ഖാന്‍. അതിനാലാണ് തനിക്ക് ആ വേഷം ചെയ്യാന്‍ സാധിയ്ക്കാതെ പോയതെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ഡാനി ബോയിലുമായി വളരെ നല്ല ബന്ധമാണ് ഇപ്പോഴും കാത്തു സൂക്ഷിയ്ക്കുന്നതെന്നും ചിത്രത്തിലെ തന്റെ വേഷം അനില്‍ കപൂര്‍ മികച്ചതാക്കിയിരുന്നെന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി.