കരിമണല്‍ കമ്പനിയായ സി എം ആർ എലുമായുള്ള ദുരൂഹമായ പണമിടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകുമെന്നാണ് അറിയുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു വിലാസത്തിലാവും നോട്ടീസ് നൽകുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്യാന്‍ സാദ്ധ്യത കുറവാണ്.
ഇന്നലെ പൊതുമേഖലാ സ്‌ഥാപനമായ കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ഓഫീസില്‍ നടത്തിയ പരിശോധനയ്ക്കുശേഷം എസ്.എഫ്.ഐ.ഒയുടെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് മടങ്ങി. ക്സാ ലോജിക്കിന് പണം നൽകിയ സി എം ആർ എൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. അക്കൗണ്ട് വിവരങ്ങൾ ഹാർഡ് ഡിസ്കിൽ പകർത്തിയെടുക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ വിലയിരുത്തിയ ശേഷമാവും അടുത്ത നടപടി
എസ്.എഫ്.ഐ.ഒ. ഡെപ്യൂട്ടി ഡയറക്‌ടര്‍ എം.അരുണ്‍ പ്രസാദിനാണ് അന്വേഷണത്തിന്റെ ച്ചുമതല. കഴിഞ്ഞ ദിവസം എറണാകുളത്തെ ആദായ നികുതി വകുപ്പ് ആസ്‌ഥാനത്തുനിന്നും സി.എം.ആര്‍.എല്‍. കമ്പനിയില്‍നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്.എഫ്.ഐ.ഒ.യ്ക്ക് റെയ്‌ഡിനും അറസ്‌റ്റിനും അധികാരമുണ്ട്. അന്വേഷണത്തിന് മറ്റ് ഏജന്‍സികളുടെ സഹായവും തേടാം.