വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച് ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം
ഇരുപത്തിയേഴുകാരനായ ഐ.ടി എഞ്ചിനീയര്‍ ഭാര്യയോടൊപ്പമാണ് ഡോക്‌ടറെ കാണാന്‍ എത്തിയത്.
” ഡോക്‌ടര്‍ ഞാന്‍ എന്റെ കമ്പനിയിലെ ഏറ്റവും സമര്‍ഥരായ എഞ്ചിനീയര്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു മാസമായി വിചാരിക്കുന്ന രീതിയില്‍ ജോലികളൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്നെക്കൊണ്ടൊന്നിനും കഴിയില്ല എന്നൊരു തോന്നലാണ്. രാത്രിയില്‍ ഉറക്കം ശരിയാകുന്നില്ല. ജോലി ചെയ്യാതിരിക്കുമ്പോള്‍ മനസ് എങ്ങോട്ടോ മാറിപ്പോകുന്നു. പത്തുമിനിറ്റ് പോലും ശ്രദ്ധിച്ച് ജോലി ചെയ്യാന്‍ കഴിയുന്നില്ല.”
അയാള്‍ ഒന്നുനിര്‍ത്തി ഭാര്യയുടെ മുഖത്തേക്ക് നോക്കി. അല്‍പനേരം മുഖം കുനിച്ചിരുന്നു. എന്നിട്ട് പതിഞ്ഞ ശബ്‌ദത്തില്‍ പറഞ്ഞു തുടങ്ങി. ”എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് ഇതൊന്നുമല്ല ഡോക്‌ടര്‍. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമായതേയുള്ളൂ. ആദ്യത്തെ മൂന്നുമാസം സന്തോഷകരമായിരുന്നു ജീവിതം. എന്നാല്‍ കഴിഞ്ഞ കുറേനാളായി അവിടെയും പ്രശ്‌നമാണ്. എനിക്ക് ശാരീരികബന്ധത്തില്‍ ഒട്ടും താല്‍പര്യം തോന്നുന്നില്ല. ബെഡ്‌റൂമിലെത്തിയാല്‍ ഒരുതരം മരവിപ്പാണ്. ഒന്നിനും താല്‍പര്യമില്ല. ഇവള്‍ എന്നെ സന്തോഷിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ എനിക്കെന്തോ അതൊന്നും ഇഷ്‌ടപ്പെടുന്നില്ല.” അയാള്‍ വീണ്ടും മുഖം കുനിച്ചു. ഭര്‍ത്താവ് പറയുന്നത് കേട്ടുകൊണ്ടിരുന്ന ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
ദാമ്പത്യത്തിലെ വില്ലന്‍
‘മാനസിക രോഗങ്ങളിലെ ജലദോഷം’ എന്ന് അറിയപ്പെടുന്ന വിഷാദരോഗം ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. വിഷാദഭാവം, ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവ്, അകാരണമായ ക്ഷീണം എന്നീ ലക്ഷണങ്ങളിലൂടെ വിഷാദം തിരിച്ചറിയാവുന്നതാണ്. എന്നാല്‍ വിഷാദബാധിതരെ ഏറെ അലട്ടുന്നതും തുറന്നു പറയാന്‍ മടിക്കുന്നതുമായ പ്രശ്‌നം ലൈംഗിക താല്‍പര്യക്കുറവും അനുബന്ധപ്രശ്‌നങ്ങളുമാണ്.
വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച് ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം. തീവ്രമായ വിഷാദരോഗം ബാധിച്ചവരില്‍ 60 ശതമാനത്തിലേറെ പേര്‍ക്ക് ലൈംഗികപ്രശ്‌നങ്ങളുണ്ടാകാമെന്ന് കണക്കുകള്‍ പറയുന്നു. വിഷാദത്തിനൊപ്പം കടുത്ത ഉത്‌ക്കണ്‌ഠയും ഉള്ളവരില്‍ പ്രശ്‌നം രൂക്ഷമാകും. ലൈംഗികമായ ബുദ്ധിമുട്ടുകള്‍ പലപ്പോഴും വിഷാദം തീവ്രമാകാനും ആത്മഹത്യാപ്രവണതയ്‌ക്കും കാരണമാകാറുണ്ട്.
തലച്ചോറിലെ മറിമായം
തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയിലുള്ള രാസതന്മാത്രകള്‍ ചിന്തകളെയും ഓര്‍മകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലൈംഗികതാല്‍പര്യം, ഉത്തേജനം, രതിമൂര്‍ച്‌ഛ അടക്കമുള്ള ലൈംഗിക അനുഭൂതികള്‍ എന്നിവ നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്ക് ഈ രാസതന്മാത്രകള്‍ വഹിക്കുന്നുണ്ട്. സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍, ഡോപ്പമിന്‍ തുടങ്ങിയ രാസഘടകങ്ങള്‍ക്കാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധേയമായ സ്‌ഥാനമുള്ളത്. ഈ രാസവസ്‌തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് വിഷാദരോഗത്തിനും അതിന്റെ ഭാഗമായുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്.
ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവിലെ വ്യതിയാനവും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കാം. കഴുത്തിന്റെ മുന്‍ഭാഗത്തു സ്‌ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്ന ‘ഹൈപ്പോതൈറോയിഡിസം’ എന്ന അവസ്‌ഥയില്‍ വിഷാദം, ഓര്‍മക്കുറവ്, ലൈംഗികതാല്‍പര്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്‌തയോട്ടം കുറയുന്നതുമൂലവും തലച്ചോറിലെ ചെറിയ രക്‌തക്കുഴലുകള്‍ക്ക് തടസം ഉണ്ടാകുന്നതുമൂലവും സംഭവിക്കുന്ന ‘വാസ്‌കുലാര്‍ ഡിപ്രഷന്‍’ എന്നയവസ്‌ഥയുടെ ഭാഗമായും ലൈംഗികപ്രശ്‌നങ്ങളുണ്ടാകാം.
ഉദ്ധാരണശേഷി കുറയുന്നു
വിഷാദരോഗം ബാധിച്ച പുരുഷന്മാരില്‍ പ്രധാനമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലൈംഗിക താല്‍പര്യക്കുറവും ഉദ്ധാരണശേഷിക്കുറവുമാണ്. മസ്‌തിഷ്‌ക്കത്തിലെ ‘ഡോപ്പമിന്‍’ എന്ന രാസതന്മാത്രയുടെ വ്യതിയാനം മൂലം ലൈംഗികതയടക്കം ജീവിതത്തിലെ സന്തോഷകരമായ മറ്റ് പലതും ആസ്വദിക്കാന്‍ കഴിയാത്ത അവസ്‌ഥയിലെത്തിച്ചേരുന്നു. നോര്‍എപിനെഫ്രിന്റെ അളവു കുറയുന്നത് ശാരീരികക്ഷീണത്തിനും ഉന്മേഷക്കുറവിനും കാരണമാകുന്നു. ഇത് ലൈംഗിക താല്‍പര്യത്തെ ദോഷകരമായി ബാധിക്കുന്നു. തലച്ചോറിലെയും സുഷുമ്‌നാനാഡിയിലെയും സിറട്ടോണിന്റെ പ്രവര്‍ത്തനവ്യതിയാനങ്ങള്‍ ലൈംഗിക ഉദ്ധാരണത്തെ ബാധിക്കുന്നുണ്ട്. വിഷാദത്തോടൊപ്പം അമിത ഉത്‌ക്കണ്‌ഠയുള്ളവര്‍ക്ക് ശീഘ്രസ്‌ഖലനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകാം. ഉദ്ധാരണശേഷി കുറയുമ്പോള്‍ ലൈംഗികതയെക്കുറിച്ചുള്ള ആശങ്കകള്‍ അവരില്‍ നിറയുന്നു. ഇത് വിഷാദരോഗം വഷളാകാന്‍ കാരണമാകുന്നു. മദ്യം, പുകയില എന്നിവയുടെ ഉപയോഗവും ലൈംഗികശേഷി കുറയുന്നതിന് കാരണമാകുന്നുണ്ട്.
സ്‌ത്രീകളിലെ താല്‍പര്യക്കുറവ്
വിഷാദരോഗമുള്ള സ്‌ത്രീകളില്‍ ലൈംഗികതാല്‍പര്യക്കുറവാണ് പ്രധാന പ്രശ്‌നം. ഭര്‍ത്താവ് സ്‌പര്‍ശിക്കുന്നതുപോലും ഇവര്‍ക്ക് പ്രയാസമുണ്ടാക്കാം. കുട്ടിക്കാലത്ത് മനസില്‍ കയറിക്കൂടിയ ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളും പാപബോധവും മറ്റും വിഷാദരോഗം വരുന്ന വേളകളില്‍ ശക്‌തി പ്രാപിച്ചെന്നിരിക്കും. പുരുഷന്മാര്‍ നിര്‍ബന്ധിച്ച് ലൈംഗിക വേഴ്‌ചയ്‌ക്കു പ്രേരിപ്പിച്ചാലും തീര്‍ത്തും നിര്‍വികാരമായ പ്രതികരണമായിരിക്കും ഇവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. രതിമൂര്‍ച്‌ഛ ആസ്വദിക്കാന്‍ തീര്‍ത്തും കഴിയാത്ത അവസ്‌ഥയും ഇവര്‍ക്കുണ്ടാകാം. ചില സ്‌ത്രീകളില്‍ യോനിയിലെ പേശികള്‍ പൊടുന്നനെ ചുരുങ്ങി വേദനയുണ്ടാകുന്ന ‘യോനീസങ്കോചം’ അഥവാ ‘വജൈനിസ്‌മസ്’ എന്ന അവസ്‌ഥയുണ്ടാകാം. ഈ പ്രശ്‌നമുണ്ടാകുന്ന സ്‌ത്രീകള്‍ ലൈംഗികബന്ധത്തെ എതിര്‍ക്കാനാണ് സാധ്യത.
ശാരീരിക രോഗങ്ങള്‍
ശാരീരിക ആരോഗ്യസ്‌ഥിതിയും വിഷാദരോഗബാധിതരുടെ ലൈംഗിക താല്‍പര്യത്തെ ഗണ്യമായി സ്വാധീനിക്കും. ദീര്‍ഘകാലമായി ശാരീരികരോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതേത്തുടര്‍ന്ന് വിഷാദരോഗം വരാന്‍ സാധ്യത കൂടുതലാണ്. പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, പാര്‍ക്കിന്‍സോണിസം, വന്ധ്യത തുടങ്ങിയ ശാരീരിക രോഗങ്ങള്‍ ദീര്‍ഘകാലമായി അനുഭവിക്കുന്നവര്‍ക്ക് വിഷാദരോഗം വരാന്‍ സാധ്യത കൂടുതലാണ്. ഇവരില്‍ വിഷാദരോഗത്തിന്റെ സാന്നിധ്യം അടിസ്‌ഥാന ശാരീരിക രോഗം വഷളാകാന്‍ വഴിതെളിക്കും. ഇത്തരക്കാരില്‍ അവര്‍ക്കുള്ള ശാരീരിക രോഗത്തിന്റെ തീവ്രതയും ലൈംഗികതയെ ബാധിക്കും.
ഉദാഹരണത്തിന് ദീര്‍ഘകാലമായി പ്രമേഹമുള്ള വ്യക്‌തിക്ക് ശരീരത്തിലെ ഓട്ടോണോമിക് നാഡീവ്യൂഹങ്ങളുടെ തകരാറു മൂലവും രക്‌തക്കുഴലുകളില്‍ അടവുണ്ടാകുന്നതുമൂലവും ലൈംഗികാവയവത്തിലേക്കുള്ള രക്‌തയോട്ടം കുറയുന്നതു മൂലവും ഉദ്ധാരണശേഷിക്കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്‌നങ്ങളോടൊപ്പം വിഷാദരോഗം കൂടിയാകുന്നതോടെ പലപ്പോഴും ഉദ്ധാരണശേഷിക്കുറവ് വഷളാകുന്നതായി കാണാം. ചില രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നതും ലൈംഗികശേഷിയെ ബാധിക്കാം.
ലൈംഗിക ചൂഷണവും വിഷാദവും
കുട്ടിക്കാലത്തോ കൗമാരത്തിലോ ലൈംഗിക ചൂഷണങ്ങള്‍ക്കു വിധേയരാകേണ്ടിവന്നവരില്‍, വിഷാദരോഗം പിന്നീടുണ്ടായാല്‍പ്പോലും ലൈംഗിക താല്‍പര്യത്തെ അതു ഗണ്യമായി ബാധിച്ചേക്കാം. തങ്ങള്‍ക്കുണ്ടായ പീഡനാനുഭവത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും കടുത്ത ഉത്‌കണ്‌ഠയ്‌ക്കു കാരണമാവുന്നു. അതുവഴി ഉദ്ധാരണശേഷിക്കുറവിനും ശീഘ്രസ്‌ഖലനത്തിനും കാരണമാവുകയും ചെയ്യാം.
ലൈംഗികതയെ തിരികെ വിളിക്കാം
അടിസ്‌ഥാനപ്രശ്‌നമായ വിഷാദരോഗം ചികിത്സിച്ചു ഭേദപ്പെടുത്തിയാല്‍ അനുബന്ധമായ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. എന്നാല്‍ വിഷാദരോഗത്തിന്റെ ചികിത്സയ്‌ക്കുപയോഗിക്കുന്ന ചിലതരം മരുന്നുകള്‍ സ്‌ഖലനം വൈകിപ്പിക്കും. അതുവഴി ലൈംഗികാനുഭവത്തിന്റെ ആസ്വാദ്യത ചോര്‍ത്തിക്കളയാനും കാരണമാകും. ഇതേകാരണം കൊണ്ടുതന്നെ മരുന്നുകള്‍ ശീഘ്രസ്‌ഖലനത്തിന്റെ ചികിത്സയ്‌ക്കു നല്‍കാറുണ്ടെന്നത് വേറെ കാര്യം. എന്നാല്‍ ലൈംഗിക പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയതരം വിഷാദവിരുദ്ധ ഔഷധങ്ങള്‍ ഇന്നു നിലവിലുണ്ട്. തലച്ചോറിലെ ഡോപ്പമിന്റെ അളവ് കൂട്ടി ലൈംഗിക ആസ്വാദനക്ഷമത വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ വേണം ലൈംഗിക പ്രശ്‌നങ്ങള്‍ കൂടുതലായുള്ള വിഷാദരോഗികള്‍ക്കു നല്‍കേണ്ടത്. മരുന്നുകള്‍ തീരുമാനിക്കുമ്പോള്‍ അനുബന്ധമായ ശാരീരികരോഗങ്ങളും പരിഗണിച്ച് മരുന്നുകളുമായി പ്രതിപ്രവര്‍ത്തനമില്ലാത്ത മരുന്നുകള്‍ വേണം ചികിത്സയ്‌ക്കുപയോഗിക്കാന്‍.
അത്യാവശ്യഘട്ടങ്ങളില്‍ ഉദ്ധാരണക്കുറവ് പരിഹരിക്കാന്‍ (ഹ്രസ്വകാലത്തേക്ക്) ഫോസ്‌ഫോഡൈ എസ്‌റ്ററേസ് എന്ന രാസവസ്‌തുവിന്റെ പ്രവര്‍ത്തനം കുറയ്‌ക്കുന്ന ചില ഔഷധങ്ങള്‍ നല്‍കാവുന്നതാണ്.
രോഗിയുടെ ചിന്തകളെ ക്രമീകരിക്കാന്‍ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി മനോഭാവത്തില്‍ മാറ്റം സാധ്യമാക്കുന്ന അക്‌സപ്‌റ്റന്‍സ് ആന്‍ഡ് കമ്മിറ്റ്‌മെന്റ് തെറാപ്പി മനോനിറവ്, ധ്യാനം, ലൈംഗികബന്ധം ഊഷ്‌മളമാക്കാനുള്ള ഡ്യൂവല്‍ സെക്‌സ് തെറാപ്പി, സെന്‍സേറ്റ് ഫോക്കസ് തെറാപ്പി തുടങ്ങിയ മനഃശാസ്‌ത്ര ചികിത്സകളും വിഷാദരോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.