മധ്യപ്രദേശിലെ പന്നാ ജില്ലയിൽ കടുത്ത മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ബിജാസൻ മാതാ മന്ദിറില്‍വെച്ച് കഴുത്തുമുറിച്ചു. രാജ്കുമാർ യാദവ് എന്ന യുവാവാണ് കഴുത്തറുക്കാന്‍ ശ്രമിച്ചതെന്ന് ‘ദ ഫ്രീ പ്രസ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. നവരാത്രി ഉത്സവത്തിന്റെ അവസാന ദിവസമാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവം കണ്ട മറ്റു ഭക്തർ ഉടൻ തന്നെ ഓടിയെത്തി ആശുപത്രിയിലത്തിച്ചതിനാല് യുവാവിന്റെ ജീവന് രക്ഷപ്പെടുത്താനായി.
ഭഖുരി ഗ്രാമത്തിലെ താമസക്കാരനായ രാജ്കുമാർ നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിലും കഠിനമായി ഉപവസിച്ചിരുന്നു. എന്നാൽ ആഘോഷങ്ങളുടെ അവസാന ദിവസം ക്ഷേത്രം സന്ദർശിച്ച രാജ്കുമാർ ബ്ലേഡ് കൊണ്ട് തന്റെ കഴുത്തറുക്കുകയായിരുന്നു. സംഭവസമയം ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റു ഭക്തർ ഉടൻ തന്നെ ഓടിയെത്തുകയും നിലവിളിച്ച് ആളെ കൂട്ടുകയും, പ്രാദേശിക അധികാരികളെ വിവരം അറിയിക്കുകയും ആയിരുന്നു.
തുടർന്ന് പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടൽ മൂലം രാജ്കുമാറിനെ അജയ്ഗഡിലെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയയ്ക്ക് ശേഷം രാജ്കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയി അധികൃതർ അറിയിച്ചു. ഗുരുതര സാഹചര്യത്തിലുണ്ടായ സമയോചിതമായ ഇടപെടലാണ് രാജ്കുമാറിന്റെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് സംഭവതിന് പിന്നാലെ രാജ്കുമാറിന്റെ കുടുംബം അറിയിച്ചു.
പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, സമീപകാലത്ത് രാജ്കുമാർ മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി സമീപവാസികൾ വെളിപ്പെടുത്തി. അമ്മ രാം ഭായി മകന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഞെട്ടിയിരിക്കുകയാണ്. ഇത്തരം ഒരു കടുംകൈയിലേക്ക് മകനെ നയിച്ചത് എന്താണെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി. രാജ്കുമാർ കഠിനാധ്വാനിയും ദൈവഭക്തനുമായിരുന്നെന്നാണ് സമീപ വാസികൾ വെളുപ്പെടുത്തിയത്.
അതേസമയം ആത്മഹത്യക്ക് ഉപയോഗിച്ച ബ്ലേഡ് കണ്ടെടുത്തതായി ധ്രാംപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ബൽവീർ സിംഗ് സ്ഥിരീകരിച്ചു.