Crime

സ്ത്രീക്ക് നേരെ സിബ്ബ് അഴിച്ച് മാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍; അറസ്റ്റ്- വീഡിയോ

സ്ത്രീയോട് അപരമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്തതിന് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കെംഗേരിയിലെ മാളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ചന്ദ്രഹസന്‍ (45) ആണ് അറസ്റ്റിലായത്.

സ്ത്രീക്ക് മുമ്പില്‍ പാന്‍സിന്റെ സിബ്ബ് ഊരുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതോടെ ചന്ദ്രഹസന്‍ സ്ത്രീയെ അക്രമിക്കുകയായിരുന്നു. അവരുടെ കഴുത്തിനും ചെവിയുടെ ഭാഗത്തുമാണ് പരുക്ക്. ഷോപ്പിങ് സെന്ററിന് സമീപം കട നടത്തുന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്.

ചന്ദ്രഹാസന്‍റെ മോശം ​പെരുമാറ്റത്തെപ്പറ്റി മാളിലെ ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ചന്ദ്രഹാസൻ നേരത്തെയും ഇവരോട് മോശമായി പെരുമാറിയിരുന്നു. ഇക്കാര്യം മാനേജറോട് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് ചന്ദ്രഹസന്റെ അതിക്രമം. ഇവര്‍ കെങ്കേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മാളിന് സമീപം കിച്ചൺ സെന്ററും മത്സ്യക്കടയും നടത്തുന്ന സ്ത്രീക്ക് മാള്‍ ഉടമയുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ കടകള്‍ മാറ്റാനായി ഉടമ ശ്രമിച്ചിരുന്നു. ഇതിനായി സുരക്ഷാ ജീവനക്കാരനെ ചുമതലപ്പെടുത്തിയിരുന്നതായും സ്ത്രീ ആരോപിച്ചു. ഇതിന്റെ ഭാഗമായി ചന്ദ്രഹസന്‍ എന്നെയും സ്ഥാപനത്തെയും ലക്ഷ്യമിടുകയായിരുന്നു എന്നും സ്ത്രീ പറഞ്ഞു.