ലോകത്തിലെ ഏറ്റവും വിലയേറിയ ദ്രാവകങ്ങള്‍ പരിഗണിച്ചാല്‍ തേള്വിഷമാണ് ഒന്നാമത് നല്ക്കുന്നത്. ഡെത്ത്സ്റ്റാക്കര്‍ സ്കോര്പിയോണ് വെനം എന്ന തേള്വിഷത്തിന് ഒരു ഗാലന് ഏകദേശം 3.9 കോടി യു എസ് ഡോളറാണ് വില വരുന്നത്. ഈ വിഷത്തിന് വൈദ്യശാസ്ത്ര ഗവേഷണത്തിലും വേദന നിന്ത്രണത്തിലും, കാന്‍സര്‍, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയിലും വലിയ സ്ഥാനമുണ്ട്.
ഇത് അപൂര്‍വമായ വിഷമായതിനാലാണ് ഇതിന് ഇത്രയും അധികം വില വരുന്നത്. തേളുകള്‍ കുറച്ചുമാത്രം വിഷമേ ഉത്പാദിപ്പിക്കുകയുള്ളൂ. ഈ ജീവികളെ ഉപദ്രവിക്കാതെ ഇത് എടുക്കുകയും വേണം. തേള് വിഷത്തിലുള്ള അപൂര്‍വമായ പ്രോട്ടീനുകളും പെപ്റ്റൈഡുകളുമാണ് വൈദ്യശാസ്ത്രരംഗത്തും ഇതിന് വന്‍ സാധ്യതകളുണ്ടാക്കി കൊടുക്കുന്നത്. ഇതിന് പുറമേ സൗന്ദര്യ വസ്തുക്കളുടെ ഉത്പാദന രംഗത്തും തേള്‍വിഷം ഉപയോഗിക്കപ്പടുന്നുണ്ട്.
തേളുകളുടെ ശരീരത്തില്‍ മെഷീനുകളുപയോഗിച്ച് ചെറുതായി സമ്മര്‍ദ്ദം കൊടുത്തോ അല്ലെങ്കില്‍ ഇലക്ട്രിക് ഷോക്കുകള്‍ നല്‍കിയോയാണ് തേള്‍വിഷം ശേഖരിക്കുന്നത്. പിന്നീട് അത് സൂക്ഷിച്ചുവെക്കും. ഓറെൻലർ എന്ന വ്യക്തി തുർക്കിയിൽ തേളുകൾക്കായി ഒരു ഫാം നടത്തുന്നത് ലോകശ്രദ്ധ നേടിയിരുന്നു. ഇരുപതിനായിരത്തിലധികം തേളുകളാണ് ഓറെന്ലറിന്റെ ഫാമില്‍ കഴിയുന്നത്. ഡെത്ത്സ്റ്റോക്കർ സ്കോർപിയോൺ എന്ന തേളിന്റേതാണ് ഇക്കൂട്ടത്തിൽ ഏറ്റവും വിലയുള്ള വിഷം.