Oddly News

റോസയുടെ ‘ചീത്തപ്പേര്’ മാറുന്നു; മുള്ളുകൊണ്ട് ഇനി വേദനിപ്പിക്കില്ല, വഴികാട്ടിയായത് വഴുതന

റോസച്ചെടികള്‍ മുള്ളുകൊണ്ട് ഇനി നിങ്ങളെ വേദനിപ്പിക്കില്ല. മുള്ളുകളെ പേടിക്കാതെ റോസപ്പൂവ് മുടിയില്‍ ചൂടാനുമാകും. ഫ്രാന്‍സിലെ
ഒരുകൂട്ടം ഗവേഷകരാണു കട്ടികുറഞ്ഞ മുള്ളുകളുള്ള റോസച്ചെടികള്‍ക്കു പിന്നില്‍. ദശലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമപരമായ വേര്‍തിരിവ് ഉണ്ടായിരുന്നിട്ടും, പല സസ്യങ്ങളിലും മുള്ളുകള്‍ക്കു പിന്നില്‍ ഒരേ തരം ജീനുകളാണുള്ളതെന്നു കണ്ടെത്തിയതാണു വഴിത്തിരിവായത്.

ആദ്യഘട്ട ഗവേഷണം വഴുതന കേന്ദ്രീകരിച്ചായിരുന്നു. വനത്തിലുള്ള അവയുടെ ഇനത്തില്‍പ്പെട്ട ചിലതിനു മുള്ളുകളില്ലായിരുന്നു. ഇവയുടെ ജനിതകമാറ്റമാണു ഗവേഷകനായ ജെയിംസ് സാറ്റര്‍ലി പഠിച്ചത്. ഇതോടെയാണു ലോണ്‍ലി ഗൈ (ലോഗക്ക) എന്ന ജീന്‍ കുടുംബവും മുള്ളുകളുള്ള സസ്യങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഈ ജീനുകളില്‍ മാറ്റമുള്ള വഴുതനകള്‍ക്കു മുള്ളുകള്‍ ഇല്ലെന്നും ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ വിശകലനത്തില്‍ റോസ ഉള്‍പ്പെടെ 20 ഓളം വ്യത്യസ്ത ഇനങ്ങള്‍ക്ക് ഈ ജീനുമായി ബന്ധമുണ്ടെന്നു വ്യക്തമായി.

ഇതിന്റെ അടിസ്ഥാനത്തില്‍ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം ഓസ്‌ട്രേലിയയെ ചില ചെടികളില്‍ ജനിതക എഡിറ്റിങ് നടത്തി. മുള്ളുകളുടെ ശക്തി കുറഞ്ഞതായി അവര്‍ കണ്ടെത്തി. ഫ്രാന്‍സ് ആസ്ഥാനമായുള്ള മറ്റൊരു ഗവേഷകന്‍ ജനിതക എഡിറ്റിങ്ങിലുടെ റോസയിലെ ലോഗ് ജീനുകള്‍ നീക്കി. വളര്‍ന്നുവന്ന റോസച്ചെടിയില്‍ കരുത്തില്ലാത്ത മുള്ളുകളാണു പ്രത്യക്ഷമായത്.

ശരിക്കും മുള്ളുകള്‍ സസ്യഭുക്കുകള്‍ക്ക് തടസമാണ്. പക്ഷേ, അവ സസ്യങ്ങളുടെ കൃഷി ദുഷ്കരമാക്കുന്നു. റോസയുടെ മാതൃക മറ്റ് കൃഷി ഇനങ്ങളിലും പരീക്ഷിക്കാന്‍ ഒരുങ്ങുകയാണു ഗവേഷകര്‍.