യുഎസിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കാനെത്തുന്ന ഒട്ടുമിക്ക സന്ദർശകരുടെയും മുഖ്യ ആകർഷണം പാർക്കിൽ അലഞ്ഞുതിരിയുന്ന കാട്ടുപോത്തും ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗിന്റെ അതിമനോഹരമായ വർണങ്ങളുമാണ്. എന്നാൽ പാർക്കിലെത്തുന്ന കുറച്ചുപേർക്ക് മാത്രമേ ഈ പാർക്ക് ഒരു സജീവ അഗ്നിപർവതത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നുള്ള യാഥാർഥ്യം അറിയുകയുള്ളു.
കുറഞ്ഞത് 1,000 ക്യുബിക് കിലോമീറ്റർ അഗ്നിപർവ്വത പദാർത്ഥങ്ങൾ പുറന്തള്ളപ്പെടുന്ന, അതിഭീകര അഗ്നിപർവ്വത സ്ഫോടനങ്ങൾ നടന്ന പ്രദേശങ്ങളിലാണ് സജീവ അഗ്നിപർവതങ്ങൾ നിലകൊള്ളുന്നത്. അതിനാൽ യെല്ലോസ്റ്റോൺ അഗ്നിപർവ്വതം നാഷണൽ പാർക്കിൻ്റെ അടിഭാഗത്തു മാത്രമല്ല വ്യോമിംഗ്, മൊണ്ടാന, ഐഡഹോ എന്നിവയുടെ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുകയാണ്.
“കഴിഞ്ഞ വർഷം ആഗസ്റ്റ് 5 ന് പാർക്കിൽ വർക്ക് ചെയ്തിരുന്ന ഒരു ശാസ്ത്രജ്ഞൻ വാഹനം ഓടിക്കുന്നതിനിടയിൽ മരങ്ങൾക്കിടയിലൂടെയും ചതുപ്പുനിലത്തിലൂടെയും നീരാവി പടരുന്നത് ശ്രദ്ധിച്ചു,” യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് ജിയോളജിസ്റ്റുകളായ ജെഫേഴ്‌സൺ ഹംഗർഫോർഡും കീർനാൻ ഫോൾസ്-ഡൊണാഹ്യൂവും ഒരു ബ്ലോഗിൽ കുറിച്ചു.
ഏകദേശം 70,000 വർഷങ്ങൾക്ക് മുമ്പാണ് ഈ പ്രദേശത്ത് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത്. എന്നാൽ ഇതിനുശേഷം കാലങ്ങളായി ലാവ പ്രവാഹം ഉണ്ടായിട്ടില്ലെങ്കിലും ചൂടും പുകയും വമിക്കുന്നതിനാൽ യെല്ലോസ്റ്റോൺ ഭൂമിയിലെ തന്നെ ഏറ്റവും ജിയോതെർമലി സജീവമായ സ്ഥലങ്ങളിൽ ഒന്നായി നിലകൊള്ളുകയാണ്.
ഗെയ്‌സറുകൾ, ചൂടുനീരുറവകൾ, ഫ്യൂമറോളുകൾ എന്നിവയുൾപ്പെടെ 10,000-ലധികം ജലവൈദ്യുത സവിശേഷതകൾ യെല്ലോസ്റ്റോണിനുണ്ട്.
“യെല്ലോസ്റ്റോൺ ഇന്നും സജീവമാണെങ്കിലും ആദ്യം രൂപപ്പെട്ടതിന്റെ അത്രയും ഊർജം ഇന്ന് അതിനില്ല” ഹംഗർഫോർഡും ഫോൾസ്-ഡൊണാഹ്യൂയും അഭിപ്രായപ്പെട്ടു.
എന്നാൽ മാർച്ച് 17 ന്, യുഎസ് ജിയോളജിക്കൽ സർവേ നടത്തിയ പ്രസ്താവനയിൽ(യുഎസ്ജിഎസ്) 2024 വേനൽക്കാലത്ത് ഇവിടെ
തുടർച്ചയായി നീരാവി വമിക്കുന്ന ഒരു ദ്വാരം ശാസ്ത്രജ്ഞർ കണ്ടെത്തിയതായി വ്യക്തമാക്കി. പഴയ ലാവയുടെ അടിത്തട്ടിലായിരുന്നു ഇതെന്നും അവർ വ്യക്തമാക്കി. ശാസ്ത്രജ്ഞർ ദ്വാരത്തിൽ നിന്ന് വമിക്കുന്ന ചൂടിന്റെ താപനില 171 ഡിഗ്രി ഫാരൻഹീറ്റ് (77 ഡിഗ്രി സെൽഷ്യസ്) ആയി രേഖപ്പെടുത്തി, ഏതാനും മാസങ്ങളായി ദ്വാരം സജീവമായി തുടർന്നു.
എന്നാൽ തുടർന്ന് നടത്തിയ സൂക്ഷ്മപരിശോധനയിൽ, ഇത് ഒരു പുതിയ ദ്വാരമാണെന്ന് ജിയോളജിസ്റ്റുകളുടെ ഒരു സംഘം സ്ഥിരീകരിച്ചു. 2003 മാർച്ചിൽ ഇതേ പ്രദേശത്ത് കണ്ടെത്തിയ മുൻ ഭൂതാപപ്രവർത്തനവുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നും ഊഹാപോഹമുണ്ട്.