ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്ന വാക്സിന് വികസിപ്പിച്ചതായി ചൈനയുടെ അവകാശവാദം. പുതിയ വാക്സിന് രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുമെന്നാണ് ചൈന പറയുന്നത്. ധമനികളുടെ ഭിത്തിയില്‍ കൊളസ്ട്രോളും കാല്‍സ്യവും മറ്റു വസ്തുക്കളും അടിഞ്ഞാണ് അതിറോസ്ക്ലീറോസിസ് ഉണ്ടാകുന്നത്.
ഇതിന്റെ ഫലമായി ധമനികളുടെ ഭിത്തികള്‍ ക്രമേണ കഠിനമാകും. ഇതു രക്തയോട്ടം തടയുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ധമനി തടസങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെങ്കിലും ചികിത്സയ്ക്കായി ഇപ്പോള്‍ ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയകള്‍ ആവശ്യമാണ്. ഈ അവസ്ഥ ഉണ്ടാകാതെ സംരക്ഷിക്കാന്‍ വാക്സിനു കഴിയുമെന്നാണു ചൈനയുടെ അവകാശവാദം.
എലികളിലെ അതിറോസ്ക്ലീറോസിസ് ലഘൂകരിക്കാന്‍ വാക്സിന് സഹായിച്ചെന്നു ചൈനയിലെ നാന്‍ജിങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.
വിവിധതരം പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണു വാക്സിന് തയാറാക്കിയത്. പി210 എന്ന പ്രോട്ടീനാണു ഗവേഷണത്തില്‍ വഴിത്തിരിവായത്. പി210 അതിറോസ്ക്ലീറോസിസ് വളര്‍ച്ചയെ തടയുമെന്നു ഗവേഷകര്‍ കണ്ടെത്തി. അതാണു വാക്സിന് തയാറാക്കുന്നതില്‍ കലാശിച്ചത്.
പി 210 ആന്റിജനെ ചെറിയ ഇരുമ്പ് ഓക്സൈഡ് നാനോപാര്ട്ടിക്കിളുകളിലേക്ക് വാക്സിന് ബന്ധിപ്പിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തിനുള്ള ഡെന്‍ഡ്രിറ്റിക് കോശങ്ങളെ സജീവമാക്കും. ഉയര്‍ന്ന കൊളസ്ട്രോള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ എലികളിലായിരുന്നു പരീക്ഷണം. പുതിയ വാക്സിന് മനുഷ്യരില്‍ ക്ലീനിക്കല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ചൈന. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ കണക്ക് പ്രകാരം ഓരോ 34 സെക്കന്‍ഡിലും ഒരാള്‍ ഹൃദ്രോഗം മൂലം മരിക്കുന്നുണ്ട്.