Movie News

പിണങ്ങിയിരുന്ന രജനീകാന്തിന്റെ സിനിമയില്‍ 38 വര്‍ഷത്തിന് ശേഷം സത്യരാജ്

തമിഴിലെ സീനിയര്‍ നടന്മാരും ഇപ്പോഴും സൂപ്പര്‍താരങ്ങളുമായ രജനീകാന്തും സത്യരാജും വില്ലന്‍വേഷത്തില്‍ തുടങ്ങിയവരാണ്. സത്യരാജ് ഒരുകാലത്ത് രജനീകാന്തിന്റെ സ്ഥിരം വില്ലനുമായിരുന്നു. എന്നാല്‍ 38 വര്‍ഷത്തിന് ശേഷം സത്യരാജ് രജനീകാന്തിന് വില്ലനായി എത്തുന്നു. മൂന്നര പതിറ്റാണ്ട് പിണങ്ങിയിരുന്ന ഇരുവരും ലോകേഷ് കനകരാജിന്റെ സിനിമയ്ക്കായി ഒന്നിക്കുകയാണ്.

രജനീകാന്ത് നായകനാകുന്ന ലോകേഷ് ചിത്രം കൂലിയില്‍ വില്ലനാകുവാന്‍ ലോകേഷ് കനകരാജ് സമീപിച്ചത് നടന്‍ സത്യരാജിനെ ആയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സത്യരാജ് യെസ് പറഞ്ഞില്ല. എന്നാല്‍ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ച് മാത്രമേ താന്‍ ഈ റോള്‍ ചെയ്യു എന്നും നായകനൊപ്പം വരുന്ന റോള്‍ ആകണമെന്നും സത്യരാജ് ലോകേഷിനോട് പറഞ്ഞു.

അതല്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടിയ ശമ്പളം ഈ റോളിന് നല്‍കിയാല്‍ അഭിനയിക്കാം എന്നും സത്യരാജ് പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിലെ ഈ റോളില്‍ സത്യരാജ് എത്തുമെന്നാണ് വിവരം. സത്യരാജിന്റെ ഏത് നിബന്ധനയാണ് ലോകേഷ് സമ്മതിച്ചത് എന്ന് വ്യക്തമല്ല. അതേ സമയം ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം. നടി ശ്രുതിഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് വിവരമുണ്ട്.

എന്തായാലും രജനികാന്തുമായി പതിറ്റാണ്ടുകളായി അടുപ്പം കാണിക്കാത്ത സത്യരാജ് വീണ്ടും രജനിയോടൊപ്പം അഭിനയിക്കുന്നു എന്നത് തന്നെ തമിഴകത്ത് വലിയ വാര്‍ത്തയാണ്. അതേ സമയം ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് കൂലിയുടെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റായ ജയിലറും സണ്‍ പിക്‌ചേര്‍സാണ് നിര്‍മ്മിച്ചത്.