Featured Good News

‘അതു നമ്മുടേതും കൂടിയാണ്’ പാക്കിസ്ഥാനില്‍ ഭഗവദ്ഗീതയും മഹാഭാരതവും പഠിപ്പിക്കും; ലാഹോർ സർവകലാശാലയിൽ സംസ്കൃത കോഴ്സ്

ഇസ്‌ലാമാബാദ്: വിഭജനത്തിന് ശേഷം ആദ്യമായി സംസ്കൃത ഭാഷ പാകിസ്ഥാനിലെ ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് (LUMS) ക്ലാസിക്കൽ ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സ് ആരംഭിച്ചു, വിദ്യാർത്ഥികളിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച മൂന്ന് മാസത്തെ വാരാന്ത്യ വർക്ക്‌ഷോപ്പിൽ നിന്നാണ് ഈ സംരംഭം വളർന്നു വന്നത്.

ഈ മാസം മുതൽ പാഠ്യപദ്ധതിയിൽ സംസ്കൃതം കോഴ്‌സ് ആരംഭിച്ചാണ് സർവകലാശാല ശ്രദ്ധനേടുന്നത്. ഇന്ത്യാ- പാക്ക് വിഭജനത്തിനുശേഷം ആദ്യമായാണ് ഒരു പാക്കിസ്ഥാൻ സർവകലാശാല ക്ലാസ് മുറികളിൽ സംസ്‌കൃതം ഔപചാരികമായി പഠിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്ലാസിക്കൽ ഭാഷകളിൽ ഒന്നായ സംസ്‌കൃതം 1947ലെ വിഭജനത്തിനുശേഷം പാക്കിസ്ഥാനിൽ ഔപചാരികമായി പഠിപ്പിക്കുന്നത് വളരെ അപൂർവമായിരുന്നെന്ന് സർവകലാശാല അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ഇപ്പോൾ വർഷങ്ങൾക്കു ശേഷം ക്ലാസ് മുറിയിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുന്നത് ദക്ഷിണേഷ്യയുടെ ബൗദ്ധികവും സാംസ്കാരികവുമായ പൈതൃകവുമായി ഇടപഴകുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായും സർവകലാശാല പറയുന്നു.

ഈ കോഴ്സിന്റെ ഭാഗമായി, വിദ്യാർത്ഥികളെ ‘ഹേ കതാ സംഗ്രാം കി’ എന്ന, മഹാഭാരത ടെലിവിഷൻ പരമ്പരയുടെ പ്രശസ്തമായ തീം സോങ്ങിന്റെ ഉറുദു പരിഭാഷ കേൾപ്പിക്കുന്നുണ്ട്.

ഫോർമാൻ ക്രിസ്ത്യൻ കോളേജിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷാഹിദ് റഷീദിന്റെ പരിശ്രമങ്ങളിലൂടെയാണ് ഈ മാറ്റം യാഥാർത്ഥ്യമായത്.

“ക്ലാസിക്കൽ ഭാഷകളിൽ മനുഷ്യരാശിക്കുള്ള മഹത്തായ ജ്ഞാനം അടങ്ങിയിരിക്കുന്നു. ഞാൻ അറബിയിലും പേർഷ്യനിലും പഠനം തുടങ്ങി, തുടർന്ന് സംസ്കൃതം പഠിച്ചു,” ഡോ. റഷീദ് പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് താൻ പഠിച്ചതെന്നും, കേംബ്രിഡ്ജ് സംസ്കൃത പണ്ഡിതനായ അന്റോണിയ റുപ്പെലിന്റെയും ഓസ്‌ട്രേലിയൻ ഇൻഡോളജിസ്റ്റ് മക്കോമാസ് ടെയ്‌ലറുടെയും കീഴിലാണ് പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ക്ലാസിക്കൽ സംസ്കൃത വ്യാകരണം പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുത്തു. ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.”

സംസ്കൃതം പഠിക്കാനുള്ള തന്റെ തീരുമാനത്തെ ആളുകൾ പലപ്പോഴും ചോദ്യം ചെയ്യാറുണ്ടെന്ന് ഡോ. റഷീദ് പറഞ്ഞു. “ഞാൻ അവരോട് പറയും, നമ്മൾ എന്തിന് ഇത് പഠിക്കാതിരിക്കണം? ഇത് ഈ പ്രദേശത്തെ മുഴുവൻ ബന്ധിപ്പിക്കുന്ന ഭാഷയാണ്. സംസ്കൃത വ്യാകരണകാരനായ പാണിനിയുടെ ഗ്രാമം ഈ പ്രദേശത്തായിരുന്നു. സിന്ധു നദീതട നാഗരികതയുടെ കാലത്ത് ധാരാളം എഴുത്തുകൾ ഇവിടെ നടന്നിട്ടുണ്ട്. സംസ്കൃതം ഒരു പർവതം പോലെയാണ് – ഒരു സാംസ്കാരിക സ്മാരകം. നമ്മൾ ഇതിന്റെ ഉടമസ്ഥാവകാശം എടുക്കണം. ഇത് നമ്മുടേതും കൂടിയാണ്; ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവുമായി ബന്ധിക്കപ്പെട്ടിട്ടില്ല.”

ജനത പരസ്പരം ക്ലാസിക്കൽ പാരമ്പര്യങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ ദക്ഷിണേഷ്യയിൽ കൂടുതൽ യോജിച്ച കാര്യങ്ങൾ കാണാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ത്യയിലെ കൂടുതൽ ഹിന്ദുക്കളും സിഖുകാരും അറബി പഠിക്കാൻ തുടങ്ങുകയും, പാകിസ്ഥാനിലെ കൂടുതൽ മുസ്ലീങ്ങൾ സംസ്കൃതം പഠിക്കുകയും ചെയ്താൽ, അത് ദക്ഷിണേഷ്യക്ക് ഒരു പുതിയ, പ്രത്യാശ നൽകുന്ന തുടക്കമാകും, അവിടെ ഭാഷകൾ തടസ്സങ്ങളാകാതെ പാലങ്ങളായി മാറും.”

വിദ്യാർഥികൾ, ഗവേഷകർ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർക്കായുള്ള വാരാന്ത്യ പരിപാടിയായാണ് ആദ്യഘട്ടത്തിൽ സംസ്കൃത പഠനം നടത്തിയിരുന്നത്. ഇതിനു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് സർവകലാശാല ദീർഘകാല കോഴ്‌സ് ആരംഭിക്കുകയായിരുന്നുവെന്ന് സർവകലാശാലാ പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർവകലാശാല മഹാഭാരതത്തേയും ഭഗവദ്ഗീതയേയും കുറിച്ചുള്ള കോഴ്‌സുകൾ അടക്കം പഠിപ്പിക്കാൻ പദ്ധതിയിടുന്നതായും റിപ്പേർട്ടുണ്ട്.