Sports

”ഭാരമുള്ള ക്രിക്കറ്റ് കിറ്റുമായി പോകുമ്പോള്‍ സച്ചിന്‍ പോകുന്നെന്ന് പരിഹാസം കേള്‍ക്കുമായിരുന്നു” ; സഞ്ജു

കോടാനുകോടി ആള്‍ക്കാര്‍ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യയില്‍ ദേശീയ ടീമില്‍ എത്തുന്നവര്‍ വളരെയധികം അര്‍പ്പണബോധത്തോടെ കഠിനാദ്ധ്വാനം ചെയ്യുന്നവരും സമര്‍പ്പണജീവിതം നയിക്കുന്നവരുമാണ്. ജീവിതത്തില്‍ ഉടനീളം അനേകം പ്രതിബന്ധങ്ങളും പ്രതിസന്ധികളും അതിജീവിച്ചും മറികടന്നും ഒടുവില്‍ അവര്‍ വലിയ വിജയം നേടുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി വന്‍ വിജയം നേടുന്ന ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍.

ഇന്ത്യന്‍ ടീമില്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന താരത്തിന് സ്ഥിരമായി ടീമില്‍ അവസരം നല്‍കാത്തതില്‍ ആരാധകര്‍ക്ക് പ്രതിഷേധമുണ്ട്. ചെറുപ്പത്തില്‍ ക്രിക്കറ്റ് കിറ്റുമായി പിതാവ് തന്നെ പരിശീലനത്തിന് കൊണ്ടുപോകുമ്പോള്‍ സച്ചിനും അവന്റെ അച്ഛനും പോകുന്നെന്ന് ആള്‍ക്കാര്‍ പരിഹസിച്ചിരുന്നതായി സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. തന്നെ ദേശീയ ടീമില്‍ താരത്തെ എത്തിക്കാന്‍ പിതാവും കുടുംബവും സഹിച്ച ദുരിതങ്ങളെക്കുറിച്ച് 2022 ല്‍ സഞ്ജു ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു വ്യക്തമാക്കിയിട്ടുള്ളത്.

തന്നെ ക്രിക്കറ്ററാക്കി മാറ്റുന്നതിന് കുട്ടിക്കാലത്ത് തന്റെ കുടുംബം എങ്ങനെയാണ് അപമാനങ്ങള്‍ സഹിച്ചിരുന്നതെന്ന് സഞ്ജു സാംസണ്‍ ഇതില്‍ പറയുന്നുണ്ട്. ചെറുപ്രായത്തില്‍ അദ്ദേഹം ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത് ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ പോലീസുകാരനായിരുന്നു പിതാവ്.

സംഭവത്തെക്കുറിച്ച് സംസാരിച്ച സാംസണ്‍ പറഞ്ഞു. ”എന്റെ അച്ഛനും അമ്മയും വളരെ ഭാരമുള്ള എന്റെ കിറ്റ് ബാഗ് ബസ് സ്റ്റാന്‍ഡിലേക്ക് എടുക്കാറുണ്ടായിരുന്നു. പ്പോള്‍ പിന്നില്‍ നിന്ന് ”അയ്യോ നോക്ക്, സച്ചിനും അവന്റെ അച്ഛനും കൂടി പോകുന്നു. അവന്‍ ടെണ്ടുല്‍ക്കര്‍ ആകുമോ?” എന്നൊക്കെ കേള്‍ക്കുമായിരുന്നു. ഇത്തരത്തിലുള്ള വലിയ പരിഹാസങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നതായി താരം ഓര്‍ക്കുന്നു.

”എന്നാല്‍ മാതാപിതാക്കള്‍ക്കും എന്റെ സഹോദരനും ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. അന്ധവിശ്വാസം പറയുന്നോ എന്ന് ചോദിക്കുമെന്ന് പേടിച്ച് ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് വിശ്വസിച്ചിരുന്ന കാര്യം സഹോദരന്‍ തന്നോട് പറഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് കഴിവുണ്ടെന്ന് അദ്ദേഹത്തിന് എപ്പോഴും അറിയാമായിരുന്നു. എന്റെ അച്ഛന്‍ ഡല്‍ഹി പോലീസിലായിരുന്നു.

ഞങ്ങള്‍ 1-2 ട്രയലുകള്‍ പരീക്ഷിച്ചെങ്കിലൂം പരാജയപ്പെട്ടതോടെയാണ് കേരളത്തില്‍ ശ്രമിക്കാമെന്ന് വെച്ച് ഡല്‍ഹി വിട്ടത്. ഞാനും എന്റെ സഹോദരനും കേരളത്തില്‍ നിന്ന് കളിക്കാന്‍ ശ്രമിക്കാമെന്ന് പിതാവ് തീരുമാനിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഡല്‍ഹി പോലീസില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് കേരളത്തില്‍ വന്ന് എന്നെ പ്രാക്ടീസ് ചെയ്യാന്‍ കൊണ്ടുപോയി.” സഞ്ജു പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഘട്ടമായിരുന്നു, പക്ഷേ അവര്‍ എനിക്കായി കഷ്ടപ്പെടുകയാണെന്ന് മാതാപിതാക്കള്‍ ഒരിക്കലും തന്നെ അറിയിച്ചിരുന്നില്ലെന്നും സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ ഏറ്റവും കരുത്തരായ ടീം സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. ഇരുപതാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സാംസണിന് പിന്നീടുള്ള അഞ്ച് വര്‍ഷവും അവസരം ലഭിച്ചില്ല. ഇതിനിടെ കേരള ടീമില്‍ നിന്ന് പുറത്തായി. 25-ാം വയസ്സില്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച താരം ഇപ്പോള്‍ ഇന്ത്യന്‍ വീണ്ടും ഇന്ത്യന്‍ ടീമിന്റെ പടിവാതിലിലുണ്ട്. ഐപിഎല്‍ പരമ്പരയില്‍ നന്നായി കളിക്കുന്നുണ്ട്. വരാനിരിക്കുന്ന രാജ്യാന്തര പരമ്പരയിലും സാംസണിന് അവസരം ലഭിക്കുമെന്നാണ് ക്രിക്കറ്റ് താരങ്ങളും ആരാധകരും പറയുന്നത്.