Featured Sports

ബാറ്റിങ് റാങ്കിങ്ങിൽ കുതിച്ച് സഞ്ജു; രണ്ടാമനായി ഇഷാൻ, ടോപ് 10ൽ നാല് ഇന്ത്യക്കാർ; ഒന്നാം സ്ഥാനം പോയി വരുണ്‍

ദുബായ്‌: ട്വന്റി20 ലോകകപ്പ്‌ കിരീടം നേടിയതിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളടെ വമ്പന്‍ കുതിപ്പ്‌. ലോകകപ്പിലെ താരമായ സഞ്‌ജു സാംസണ്‍ റാങ്കിങ്ങില്‍ ഏറ്റവും കുതിപ്പുണ്ടാക്കി. 18 സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തി 637 പോയിന്റോടെ 22 ലെത്തി. സഞ്‌ജുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്‌.

ലോകകപ്പിന്‌ തൊട്ടു മുന്‍പ്‌ ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്‌ജു ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 65-ാം സ്‌ഥാനത്തേക്കു വീണിരുന്നു. വെസ്‌റ്റിന്‍ഡീസിനെതിരെ സൂപ്പര്‍ 8 മത്സരത്തിലെ മിന്നും പ്രകടനത്തോടെ 40-ാം സ്‌ഥാനത്തെത്തി. സെമി ഫൈനലിലും ഫൈനലിലും തിളങ്ങിയതോടെ 22-ാം സ്‌ഥാനത്തെത്തി. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ആകെ 43 സ്‌ഥാനങ്ങളാണ്‌ സഞ്‌ജു മെച്ചപ്പെടുത്തിയത്‌.

ടീമിലെ മറ്റൊരു വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ട്വന്റി20 ബാറ്റര്‍മാരില്‍ രണ്ടാം സ്‌ഥാനത്തെത്തി. ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരമാണ്‌ ഇഷാന്‍ കിഷന്‍, ഒന്‍പത്‌ മത്സരങ്ങളില്‍നിന്നു മൂന്ന്‌ അര്‍ധ സെഞ്ചറി ഉള്‍പ്പെടെ 317 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. ലോകകപ്പില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഫൈനലിലെ വെടിക്കെട്ട്‌ അര്‍ധ സെഞ്ചറിയോടെ ഓപ്പണര്‍ അഭിഷേക്‌ ശര്‍മ 875 റേറ്റിങ്‌ പോയിന്റുമായി ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. അഭിഷേകും ഇഷാനും തമ്മില്‍ നാലു പോയിന്റ്‌ വ്യത്യാസം മാത്രമാണുള്ളത്‌.

ഫൈനലില്‍ 18 പന്തില്‍ അര്‍ധ സെഞ്ചുറിയടിക്കാന്‍ അഭിഷേകിനായി. ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ ബാറ്റിങ്‌ റാങ്കിങ്ങില്‍ നാല്‌ സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തി 27-ാം സ്‌ഥാനത്തെത്തി. തിലക്‌ വര്‍മ ഒരു സ്‌ഥാനം നഷ്‌ടമായി ഏഴാം സ്‌ഥാനത്തേയ്‌ക്കും നായകന്‍ സൂര്യകുമാര്‍ യാദവ്‌ രണ്ടു സ്‌ഥാനം നഷ്‌ടമായി ഒന്‍പതാം സ്‌ഥാനത്തേക്കും വീണു.

അഭിഷേക്‌, ഇഷാന്‍, തിലക്‌ വര്‍മ, സൂര്യകുമാര്‍ എന്നിവരാണ്‌ ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍. വിക്കറ്റ്‌ വേട്ടക്കാരില്‍ ഒന്നാമതായെങ്കിലും റണ്‍ വഴങ്ങുന്നതില്‍ പിശുക്കാത്തതിനാല്‍ ലെഗ്‌ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക്‌ ബൗളര്‍മാരുടെ ഒന്നാം സ്‌ഥാനം നഷ്‌ടമായി. അഫ്‌ഗാനിസ്‌ഥാന്‍ നായകന്‍ റാഷിദ്‌ ഖാന്‍ 753 റേറ്റിങ്‌ പോയിന്റുമായി ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. 740 റേറ്റിങ്‌ പോയിന്റുള്ള വരുണ്‍ രണ്ടാം സ്‌ഥാനത്താണ്‌. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ പേസര്‍ ജസ്‌പ്രീത്‌ ബുംറ ഒരു സ്‌ഥാനം മെച്ചപ്പെടുത്തി ആറിലെത്തി. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ആറ്‌ സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17 ലെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ സിംബാബ്‌വേ നായകന്‍ സികന്ദര്‍ റാസ ഒന്നാം സ്‌ഥാനത്തും ഇന്ത്യയുടെ ഹാര്‍ദിക്‌ പാണ്ഡ്യ രണ്ടാം സ്‌ഥാനത്തും തുടര്‍ന്നു.

ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്‌ പോയിന്റും സ്വന്തമാക്കി. ന്യൂസിലന്‍ഡ്‌ നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒന്‍പതാം സ്‌ഥാനത്തെത്തി. ഇംഗ്ലണ്ട്‌ താരം വില്‍ ജാക്‌സ് അഞ്ച്‌ സ്‌ഥാനം മെച്ചപ്പെടുത്തി 13-ാമനായി. ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായ പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്‌ഥാനത്താണ്‌.

ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയടിച്ച ന്യൂസിലന്‍ഡ്‌ ഓപ്പണര്‍ ഫിന്‍ അലന്‍ ഏഴ്‌ സ്‌ഥാനം മെച്ചപ്പെടുത്തി 20 ലെത്തി. ഇന്ത്യക്കെതിരേ നടന്ന സെമി ഫൈനലില്‍ സെഞ്ചുറിയടിച്ച ഇംഗ്ലണ്ടിന്റെ ജേക്കബ്‌ ബെതല്‍ 17 സ്‌ഥാനങ്ങള്‍ കയറി 16 ലെത്തി. ഫൈനലില്‍ അര്‍ധ സെഞ്ചുറിയടിച്ച ന്യൂസിലന്‍ഡ്‌ ഓപ്പണര്‍ ടിം സെയ്‌ഫര്‍ട്ട്‌ ആറാം റാങ്കിലെത്തി. ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്‌ഥാനത്തു തുടരുകയാണ്‌. 273 റേറ്റിങ്‌ പോയിന്റാണ്‌ ഇന്ത്യക്കുള്ളത്‌. രണ്ടാം സ്‌ഥാനത്ത്‌ ഇംഗ്ലണ്ടും മൂന്നില്‍ ഓസ്‌ട്രേലിയയുമാണ്‌. ഏകദിനത്തിലും ഇന്ത്യയാണ്‌ ഒന്നാമത്‌. ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ ഒന്നാം സ്‌ഥാനത്തു തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *