മുംബൈ: 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മിനി ലേലം ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കും. ഇതു തുടര്‍ച്ചയായ മൂന്നാംവട്ടമാണ് ഐ.പി.എല്‍. ലേലത്തിന് ഇന്ത്യക്കു പുറത്തു വേദിയൊരുങ്ങുന്നത്.
ദുബായിയില്‍ 2024-ല്‍ നടന്ന ലേലമായിരുന്നു ഈ ഗണത്തില്‍ ആദ്യത്തേത്. 2025 സീസണിനു മൂന്നോടിയായി നടന്ന രണ്ടുദിവസത്തെ മെഗാലേലത്തിന് ജിദ്ദ വേദിയായി. 2024 നവംബറിലായിരുന്നു മെഗാലേലം.
മുന്‍ സീസണുകളിലേതിനു സമാനമായി ഒരുദിവസം മാത്രമായിരിക്കും മിനി ലേലം. അതിനുമുന്നോടിയായി 2025 സ്‌ക്വാഡിലുണ്ടായിരുന്ന നിലനിര്‍ത്തുന്നവരും വിടുതല്‍ ചെയ്യുന്നവരുമായ താരങ്ങളുടെ പട്ടിക ടീമുകള്‍ തയാറാക്കും. നവംബര്‍ 15 ഉച്ചകഴിഞ്ഞ് മൂന്നുവരെ ഇതിനു സമയമുണ്ട്.
അഞ്ചു ടീമുകളിലെ നാലു താരങ്ങളുടെ കൈമാറ്റം ഇതുവരെ സ്‌ഥിരീകരിച്ചിട്ടുണ്ട്. അഞ്ചുവട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മലയാളിതാരം സഞ്‌ജു സാംസണെ സ്വന്തം പാളയത്തിലെത്തിച്ചതാണ് ഇതില്‍ പ്രധാനം. വര്‍ഷങ്ങളായി കളിക്കുന്ന രാജസ്‌ഥാന്‍ റോയല്‍സില്‍നിന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്‌ജു ചെന്നൈയിലേക്ക് എത്തുന്നത്. ഓള്‍റൗണ്ടര്‍മാരായ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിന്റെ സാം കറണ്‍ എന്നിവരെ രാജസ്‌ഥാനു കൈമാറിയാണ് സഞ്‌ജുവിന്റെ കൂടുമാറ്റം ചെന്നൈ യാഥാര്‍ഥ്യമാക്കിയത്.
അഞ്ചുവട്ടം കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ഷാര്‍ദൂല്‍ താക്കൂര്‍, വെസ്‌റ്റിന്‍ഡീസിന്റെ ഷെര്‍ഫെയ്‌ന്‍ റഥര്‍ഫോഡ് എന്നിവരെ കൂടാരത്തിലെത്തിച്ചതായി ഇന്നലെ സ്‌ഥിരീകരിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സി (എല്‍.എസ്.ജി)ല്‍നിന്ന് രണ്ടു കോടി രൂപയ്‌ക്കാണ് ഓള്‍റൗണ്ടറായ താക്കൂറിനെ മുംബൈ റാഞ്ചിയത്. ഗുജറാത്ത് ടൈറ്റന്‍സി(ജി.ടി)ന് 2.60 കോടി രൂപ നല്‍കിയാണ് റഥര്‍ഫോഡിനെ മുംബൈ സ്വന്തമാക്കിയത്.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ പുത്രന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ അടിസ്‌ഥാനവിലയായ 30 ലക്ഷം രൂപ നല്‍കി ലഖ്‌നൗ സ്വന്തം പാളയത്തിലെത്തിച്ചു. മുംബൈ ഇന്ത്യന്‍സില്‍നിന്നാണ് താരപുത്രന്റെ വരവ്.




